കളമശേരിയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു; വിഡിയോ സമൂഹമാധ്യമങ്ങളില്‍

കൊച്ചി: സ്‌കൂളില്‍ വച്ച് നടന്ന വാക്കുതര്‍കത്തെ തുടര്‍ന്ന് കളമശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ തല്ലിച്ചതയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വിടാക്കുഴയിലുള്ള വിദ്യാര്‍ഥിയെയാണ് കളമശേരിയിലെ സ്‌കൂള്‍ പരിസരത്തു തന്നെയുള്ള മൂവര്‍ സംഘം ആക്രമിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാം തീയതിയാണ് സംഭവം. അന്നു തന്നെ വിദ്യാര്‍ഥി കളമശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

കണ്ടാല്‍ അറിയുന്ന മൂന്നു പേര്‍ മര്‍ദിച്ചെന്നു കാട്ടിയാണ് വിദ്യാര്‍ഥി പരാതി നല്‍കിയിരിക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥിയെ തല്ലിച്ചതച്ചത് സിപിഎം പ്രവര്‍ത്തകരായതിനാല്‍ പോലീസ് നടപടി എടുത്തില്ലെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ആരോപണം.

സ്‌കൂളില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ സഹപാഠിയായ വിദ്യാര്‍ഥിനിയെ പിടിച്ചു തള്ളുന്നതു കണ്ട് എത്തിയ സംഘമാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചതെന്ന് പോലീസ് പറയുന്നു. വിദ്യാര്‍ഥിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും ഉടന്‍ തന്നെ അറസ്റ്റുണ്ടാകുമെന്നും കളമശേരി ഇന്‍സ്പെക്ടര്‍ പി ആര്‍ സന്തോഷ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News