ന്യൂഡല്‍ഹി: വനിതാ ഹോസ്റ്റലില്‍നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ചണ്ഡീഗഢ് സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് മറ്റുവിദ്യാര്‍ഥിനികള്‍ ആരോപിച്ച പെണ്‍കുട്ടിയെയാണ് പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. മണിക്കൂറുകളോളം ചോദ്യംചെയ്തതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസമാണ് ഹോസ്റ്റലില്‍നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി ആരോപിച്ച് ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയത്. രാത്രി വൈകിയും കാമ്പസില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം തുടര്‍ന്നു. ഇതോടെ പോലീസ് സ്ഥലത്ത് എത്തുകയും വിദ്യാര്‍ഥിനികളെ അനുനയിപ്പിക്കുകയുമായിരുന്നു.
പോലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയാണ് ഹോസ്റ്റലില്‍നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം. ഏകദേശം അറുപതോളം വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങളും ശൗചാലയത്തില്‍നിന്നുള്ള ദൃശ്യങ്ങളുമാണ് പെണ്‍കുട്ടി രഹസ്യമായി പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ ഷിംലയിലുള്ള ആണ്‍സുഹൃത്തിന് അയച്ചുനല്‍കി. ഇയാളാണ് സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതെന്നാണ് ആരോപണം.
തങ്ങളുടെ കുളിമുറി ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ഥിനികള്‍ സംഭവമറിയുന്നത്. ഇതിനകം വീഡിയോ പല അശ്ലീല സൈറ്റുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പെണ്‍കുട്ടിയെ കണ്ടെത്തി ചോദ്യംചെയ്യുകയായിരുന്നുവെന്നും വിവരങ്ങളുണ്ട്.
അതിനിടെ, വീഡിയോ പ്രചരിച്ചെന്ന വിവരമറിഞ്ഞ് കാമ്പസിലെ ഒരു വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പോലീസും സര്‍വകലാശാല അധികൃതരും ഇക്കാര്യം നിഷേധിച്ചു. കാമ്പസിലെ ഒട്ടേറെ പെണ്‍കുട്ടികള്‍ ആത്മഹത്യാശ്രമം നടത്തിയെന്ന അഭ്യൂഹങ്ങളും പോലീസ് നിഷേധിച്ചിട്ടുണ്ട്.
ഒരു പെണ്‍കുട്ടി കുഴഞ്ഞുവീണതാണെന്നും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു സര്‍വകലാശാല അധികൃതരുടെ വിശദീകരണം. പെണ്‍കുട്ടികള്‍ ആരോപിക്കുന്നത് പോലെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തായിട്ടില്ലെന്നും വിദ്യാര്‍ഥിനികളെ ശാന്തരാക്കാനായാണ് പോലീസിനെ വിളിച്ചതെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
അതേസമയം, ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഒരു വീഡിയോ മാത്രമാണ് കണ്ടെത്തിയതെന്ന് മൊഹാലി എസ്.എസ്.പി. വിവേക് സോണി പ്രതികരിച്ചു. പ്രതിയായ പെണ്‍കുട്ടി സ്വയം ചിത്രീകരിച്ച അവരുടെ തന്നെ വീഡിയോയാണ് കണ്ടെടുത്തത്. മറ്റുള്ളവരുടെ വീഡിയോ പകര്‍ത്തിയിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയെല്ലാം ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും എസ്.എസ്.പി. വ്യക്തമാക്കി.
പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ തലവനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ സംഭവം അങ്ങേയറ്റം അപമാനകരമെന്ന് പ്രതികരിച്ചു. വിഷയത്തിൽ വിദ്യാർത്ഥികൾ സമാധാനപ്പെടമെന്നും പറഞ്ഞു. “ചണ്ഡീഗഡ് സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥിനി ഹോസ്റ്റലിൽ കൂടെയുള്ളനിരവദി വിദ്യാർത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചിരിക്കുകയാണ്. വിഷയം വളരെ ഗൗരവമുള്ളതും അപമാനകരവുമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. ഇരകളായവർ സംയമനം പാലിക്കണം, ധൈര്യം കാണിക്കണം. ഞങ്ങളെല്ലാവരും ഒപ്പമുണ്ട്. എല്ലാവരും ക്ഷമയോടെയിരിക്കണം”. കെജ്രിവാൾ ട്വീറ്റ് ചെയ്തു.
വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ മനീഷ ഗുലാത്തി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസും വിദ്യാർത്ഥികളോട് സംയമനം പാലിക്കാൻ നിർദ്ദേശിച്ചു. “കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. നമ്മുടെ സഹോദരിമാരുടെയും മക്കളുടെയും അഭിമാനത്തിന്റെ പ്രശ്നമാണ്. മാധ്യമങ്ങൾ ഉൾപ്പടെ നമ്മളെല്ലാവരും ശ്രദ്ധയോടെയിരിക്കണം”. അദ്ദേഹം ട്വീറ്റ് ചെയ്തു.