ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശത്തും കനത്ത മഴയും കാറ്റും തുടരുന്നു. ഇന്ന് പുലര്‍ച്ചെ ശക്തമായ കാറ്റിനൊപ്പം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി. അടുത്ത മണിക്കൂറുകളില്‍ ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശത്ത് മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തേയും മഴ ബാധിച്ചു. വിമാനങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചുവിടുകയും ചിലത് മുടങ്ങുകയും ചെയ്തു. വിമാനങ്ങളുടെ പുതുക്കിയ സമയക്രമത്തിനായി ബന്ധപ്പെട്ട വിമാനകമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാരോട് വിമാനത്താവള അധികൃതര്‍ അറിയിച്ചു. മോശം കാലാവസ്ഥമൂലം വിമാനങ്ങള്‍ വൈകാനോ വഴിതിരിച്ചുവിടാനോ സാധ്യതയുണ്ടെന്ന് എയര്‍ ഇന്ത്യയും അറിയിച്ചു.
ദുര്‍ബലമായ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ഇടിമിന്നലിലും കാറ്റിലും കേടുപാടുകള്‍ സംഭവിക്കാമെന്നും ഗതാഗത തടസങ്ങള്‍ക്ക് സാധ്യതയുണെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. അടുത്ത മണിക്കൂറുകളില്‍ 60-90 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശിയേക്കുമെന്നും ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.