KeralaNews

ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങള്‍ അരമണിക്കൂറില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ കടക്കണം; കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ ശക്തമാക്കും. എല്ലാ പ്രധാന റോഡുകളിലും കര്‍ശന പരിശോധന നടത്തും. കെഎസ്ഇബിയുടെ തിരുവനന്തപുരം തിരുമല ക്യാഷ് കൗണ്ടര്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല.

കൊവിഡ് ആശങ്കയേറുന്ന മലപ്പുറത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. എടപ്പാളിലെ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങള്‍ അരമണിക്കൂറില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ കടക്കണം എന്നാണ് നിര്‍ദ്ദേശം. ഇടയ്ക്ക് വാഹനം നിര്‍ത്തി ആളിറങ്ങാന്‍ അനുമതിയില്ല. മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 47 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് മേഖലകളായി പ്രഖാപിച്ച സാഹചര്യത്തില്‍ അടിയന്തര നടപടികളെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് മലപ്പുറത്ത് യോഗം ചേരും.

മലപ്പുറത്തെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ജില്ലാ കളക്ടര്‍, ജില്ലയിലെ റവന്യു, ആരോഗ്യ, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കളക്ടറേറ്റില്‍ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക.

അതിനിടെ മലപ്പുറത്ത് രോഗബാധ മുന്‍കൂട്ടി കണ്ടെത്തുന്നതിന് വിവിധ മേഖലകളിലുള്ള 1,500 പേരുടെ സ്രവ പരിശോധന നടത്താന്‍ തീരുമാനിച്ചു. വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നാണ് സ്രവ പരിശോധന നടത്തുന്നത്. കൊവിഡ് ബാധിതരുമായി പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്കമുണ്ടായി 14 ദിവസം പൂര്‍ത്തിയാകാത്ത 500 പേര്‍, ആശാവര്‍ക്കര്‍മാര്‍, കൊവിഡ് വളണ്ടിയര്‍മാര്‍, പോലീസ്, കച്ചവടക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന 500 പേര്‍, ഇതിന് പുറമെ 60 വയസിന് മുകളില്‍ പ്രായമുള്ള 250 പേര്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ 250 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സ്രവ പരിശോധനയാണ് ഇന്ന് നടത്തുക. ഇതിനാവശ്യമായ പരിശോധനാ കിറ്റുകള്‍ ഇന്ന് ജില്ലയിലെത്തിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker