കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ച ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. അവശ്യസ്ഥാപനങ്ങളും ആരോഗ്യ സ്ഥാപനങ്ങളും ഒഴികെ ഒരു സ്ഥാപനവും പ്രവർത്തിക്കാന്‍ പാടില്ല. അവശ്യസ്ഥാപനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. 5 പേരില്‍ കൂടുതല്‍ പേർ ഒത്തുചേരാന്‍ പാടില്ല. ബീച്ച് പാർക്ക് തുടങ്ങിയ പൊതുസ്ഥലങ്ങള്‍ തുറക്കില്ല. പൊതു ഗതാഗതം സാധാരണ രീതിയില്‍ പ്രവർത്തിക്കും.
മേൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ 2005 ലെ ദുരന്ത നിവാരണത്തിന്റെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ പീനൽ കോഡിന്റെ 188 വകുപ്പ് പ്രകാരവും, ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവും നിയമനടപടികൾക്ക് വിധേയമാകേണ്ടിവരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കൊവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ 5 ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ 47, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്, കുഴൂര്‍ ഗ്രാമപഞ്ചായത്ത്, കടപ്പുറം ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നിരോധനാജ്ഞ. ഈ പ്രദേശങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. ജില്ലയില്‍ ഇന്ന് 1149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതിനിടെ തൃശൂര്‍ പൂരം കാണാന്‍ എത്തുന്നവര്‍ കൊവിഡ് വാക്‌സീന്‍ രണ്ട് ഡോസുകളും എടുത്തിരിക്കണമെന്നത് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. വാക്‌സീന്‍ ഒറ്റ ഡോസ് മതിയെന്ന നിര്‍ദേശം പിന്‍വലിച്ചാണ് പ്രത്യേക ഉത്തരവിറക്കിയത്. രണ്ടു ഡോസ് വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പൂരത്തിനായി പുറത്തിറക്കിയ പ്രത്യേക ഉത്തരവില്‍ പറയുന്നു.