മലപ്പുറം: മലപ്പുറം താനൂർ താനാളൂരിൽ നാല് വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി. വട്ടത്താണി കുന്നത്തുപറമ്പിൽ റഷീദിൻ്റെ മകൻ മുഹമ്മദ് റിസ്വാനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നായ്ക്കളുടെ ആക്രമണത്തിൽ ശരീരമാകെ മുറിവേറ്റ് ബോധരഹിതനായ അവസ്ഥയിൽ കുട്ടിയെ കണ്ടെത്തുക ആയിരുന്നു. തലയുടെ ഒരു ഭാഗവും മുതുകും നായ്ക്കൾ കടിച്ചുകീറിയ നിലയിലാണ്.
ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നാളെ കുട്ടിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ഉച്ചയോടെ വീടിന് പുറത്തേക്ക് ഒറ്റയ്ക്ക് ഇറങ്ങിയ കുട്ടിയ ആറ് നായകൾ ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കുട്ടിയെ കാണാതാത്തിനെ തുടർന്ന് വീട്ടുകാർ മുറ്റത്ത് ഇറങ്ങി പരിശോധിച്ചപ്പോൾ ആണ് കുട്ടി ബോധരഹിതനായി കിടക്കുന്നത് കണ്ടത്. തലയുടെ പിൻഭാഗത്തും മുതുകിലും കടിച്ചു പറിച്ചെടുത്ത നിലയിലായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവും പിതൃസഹോദരനും ചേർന്ന് നായകളെ തുരത്തിയോടിച്ച ശേഷം കുട്ടിയെ തിരൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതിമാരകമായി പരിക്കേറ്റ കുട്ടിക്ക് കരയാനോ നിലവിളിക്കാനോ പറ്റാത്ത അവസ്ഥയിലാണ്.
പത്തനംതിട്ട വടശ്ശേരിക്കരയിൽ വിദ്യാർത്ഥിയുൾപ്പെടെ നാലു പേർക്ക് തെരുവുനായയുടെ കടിയേറ്റു. അരീക്ക കാവിലാണ് സ്കൂളിലേക്ക് പോകാൻ അമ്മയ്ക്കൊപ്പം ബസ് കാത്തുനിന്ന ആറാം ക്ലാസുകാരൻ ഇഷാൻ ഉൾപ്പെടെയുള്ളവർക്ക് നായയുടെ കടിയേറ്റത് . ഇഷാനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി . ഇഷാന്റെ കൈപ്പത്തിക്കും കൈ മുട്ടിന് താഴെയുമാണ് കടിയേറ്റത്. മറ്റുള്ളവർ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി.