കാല്‍നട യാത്രക്കാരനെ കടിച്ചു; പതിനഞ്ചോളം നായകള്‍ക്കും കടിയേറ്റു; തെരുവുനായ ചത്തു; പ്രദേശവാസികള്‍ ഭീതിയില്‍

കാല്‍നട യാത്രക്കാരനെ കടിച്ചു; പതിനഞ്ചോളം നായകള്‍ക്കും കടിയേറ്റു; തെരുവുനായ ചത്തതോടെ പ്രദേശവാസികള്‍ ഭീതിയില്‍

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ കാല്‍നടയാത്രക്കാരനെ കടിച്ച തെരുവുനായ ചത്ത നിലയില്‍ കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയില്‍. മറ്റ് 15 ഓളം നായ്ക്കളെ ഈ തെരുവുനായ കടിച്ചതായി സംശയം ഉയര്‍ന്നിട്ടുണ്ട്. കടിച്ച നായ ചത്തതോടെ നാടാകെ ഭീതി പരന്നു. ഇന്ന് പുറക്കാട് കിഴക്ക് തൈച്ചിറയിലാണ് സംഭവം. കെപിഎംഎസ് തൈച്ചിറ ശാഖാ സെക്രട്ടറി കൂടിയായ മണക്കല്‍ ഗോപി (60) ക്കാണ് കടിയേറ്റത്. സമീപത്തുള്ള ഒരു വീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഇദ്ദേഹത്തെ റോഡില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. ഇതിന് ശേഷം നായ സമീപത്തെ പുരയിടത്തിലുണ്ടായിരുന്ന 15 ഓളം നായ്ക്കളെയും കടിച്ചതായി നാട്ടുകാര്‍ പറഞ്ഞു.

2 മണിക്കൂറിന് ശേഷം ഈ നായയെ സമീപത്തെ വാഴത്തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന നിരവധി വാഴകളും നായ കടിച്ചു. ഈ നായയുടെ കടിയേറ്റ മറ്റ് തെരുവ് നായ്ക്കള്‍ അവശ നിലയിലാണ്. ഈ നായ്ക്കള്‍ക്കും പേവിഷബാധയേറ്റതായാണ് സംശയം. ഇതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായത്. ദിവസവും നൂറുകണക്കിന് പേര്‍ സഞ്ചരിക്കുന്ന റോഡിനരികിലാണ് ഈ തെരുവ് നായ്ക്കള്‍ വിഹരിക്കുന്നത്. ഇവയെ പഞ്ചായത്ത് ഇടപെട്ട് അടിയന്തിരമായി കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നായയുടെ കടിയേറ്റ ഗോപിയെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News