കൊച്ചിയില്‍ വീട്ടമ്മയ്ക്ക് നേരേ അജ്ഞാതന്റെ ആക്രമണം

കൊച്ചി: വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്കുനേരേ അജ്ഞാതന്റെ ആക്രമണം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വീട്ടിലെത്തിയ മധ്യവയസ്‌കന്‍ ഉച്ചത്തില്‍ വീട്ടുകാരെ വിളിച്ചശേഷം കോളിങ്‌ബെല്ലടിച്ചു. ഒറ്റയ്ക്കായിരുന്ന വീട്ടമ്മ ശബ്ദംകേട്ട് വാതില്‍ തുറന്നതും വീടിനുമുന്നില്‍ നിന്നിരുന്ന അജ്ഞാതന്‍ മരവടി കൊണ്ട് വീട്ടമ്മയെ അടിക്കുകയായിരുന്നു.

ഒഴിഞ്ഞുമാറി വീടിനകത്ത് കയറിയ വീട്ടമ്മ വീടിന്റെ വാതിലുകള്‍ അടച്ചു. അയല്‍വാസിയായ വീട്ടമ്മയെ ഫോണില്‍ വിളിച്ച് വിവരംപറഞ്ഞു. ശേഷം ഇവര്‍ മരട് സ്റ്റേഷനിലും കൗണ്‍സിലര്‍ ഡി.ടി. സുരേഷിനേയും വിളിച്ച് വിവരം പറഞ്ഞു. കൗണ്‍സിലര്‍ എത്തിയപ്പോഴേക്കും അജ്ഞാതന്‍ സ്ഥലംവിട്ടിരുന്നു.

അരമണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസെത്തിയില്ല. തുടര്‍ന്ന്, കൗണ്‍സിലര്‍ സ്റ്റേഷനിലെത്തി. പ്രസിഡന്റിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോലീസുകാരെല്ലൊം പരിശീലനത്തിനായി ജില്ലാ ആസ്ഥാനത്തായിരുന്നു. പാറാവുള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നതെന്നും, വാഹനമില്ലാത്തതിനാലാണ് എത്താതിരുന്നതെന്നും പോലീസ് വശദീകരണം നല്‍കി.

അന്വേഷണത്തില്‍ ഇയാള്‍ മാനസീക വെല്ലുവിളി നേരിടുന്നയാളാണെന്ന് മനസ്സിലാവുകയും ഇയാളുടെ മൊബൈല്‍ഫോണ്‍ വീട്ടില്‍നിന്ന് ലഭിക്കുകയും ചെയ്തു. ഇതു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതായും മരട് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News