ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ആഘോഷ വേളകളില്‍ തലപ്പാവു ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യക്ഷപ്പെടാറുള്ളത്. ഇന്നത്തെ ആഘോഷത്തില്‍ ചുവപ്പ് തലപ്പാവണിഞ്ഞാണ് (പഗ്ഢി) മോദി രാജ്പഥില്‍ സല്യൂട്ട് സ്വീകരിച്ചത്. അതിനു പിന്നിലൊരു കഥയുമുണ്ട്.
ഗുജറാത്തിലെ രാംനഗര്‍ രാജകുടുംബം സമ്മാനിച്ചതാണ് ഈ തലപ്പാവ് എന്നാണ് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജാം സാഹെബ് മഹാരാജാ ശത്രുശല്യസിന്‍ഹ് ജഡേജയാണ് നിലവില്‍ കുടുംബത്തിലെ അധിപന്‍. നവാന്‍നഗര്‍ മഹാരാജ എന്ന പേരിലാണ് കുടുംബം അറിയപ്പെടുന്നത്.
കത്യാവാര്‍ മേഖലയിലാണ് നവാന്‍നഗര്‍. 1540 മുതല്‍ 1948 വരെ ഇവിടം ഭരിച്ചിരുന്നത് ജഡേജ രാജകുടുംബമാണ്. ഇപ്പോള്‍ ഈ ജില്ല അറിയപ്പെടുന്നത് ജാംഗനര്‍ എന്ന പേരിലാണ്. ജാം സാഹിബ് എന്ന പേരിലാണ് രാജകുടുംബത്തിലെ ഭരണാധികാരികള്‍ അറിയപ്പെടുന്നത്.
1907 മുതല്‍ 1933 വരെ ജാംനഗര്‍ ഭരിച്ച കെഎസ് രഞ്ജിത് സിന്‍ഹ്ജിയുടെ പേരിലാണ് ഇന്ത്യയിലെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫി അറിയപ്പെടുന്നത്. അക്കാലത്തെ മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്നു രജ്ഞിത് സിന്‍ഹ്ജി.
2014 മുതല്‍ വിവിധ നിറത്തിലുള്ള തലപ്പാവുകള്‍ അണിഞ്ഞാണ് മോദി റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാന്‍ എത്താറുള്ളത്. കഴിഞ്ഞ വര്‍ഷം കാവി നിറത്തിലുള്ള വാലുള്ള തലപ്പാവാണ് മോദി ധരിച്ചിരുന്നത്.