തിരുവനന്തപുരം;രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയങ്ങളിൽ സ്ത്രീകളും, മുതിർന്ന പൗരൻമാരും, ഭിന്നശേഷിയുള്ളവരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാ സൂപ്പർ ക്ലാസ് സർവ്വിസുകളും നിർത്തുമെന്നുള്ള ഉത്തരവ് ഏതാണ്ട് 200 ൽ താഴെ വരുന്ന ദീർഘ ദൂര സർവ്വിസുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരിഗണിച്ച് സൂപ്പർ ഫാസ്റ്റുമുതൽ താഴേക്കുള്ള ബാക്കി എല്ലാ വിഭാഗം സർവ്വീസുകളിലുമായി നടപ്പിലാക്കുവാൻ KSRTC തീരുമാനിച്ചു.
സൂപ്പർ ക്ലാസ് ദീർഘദൂര മൾട്ടി ആക്സിൽ എ.സി, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നതിൽ പ്രായോഗികമായി ബുദ്ധിമുട്ടുള്ളതും, മണിക്കുറുകളോളം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇത് കടുത്ത അസൗകര്യമാണെന്നുള്ള പരാതിയും ഉയർന്ന് വന്നതിനെ തുടർന്നാണ് തീരുമാനം. 14 മണിയ്ക്കൂറിൽ അധികം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇടയ്ക്കിടയ്ക്ക് സ്റ്റോപ്പിൽ അല്ലാതെ നിർത്തുന്നത് ബുദ്ധിമുട്ട് ആകുന്നു എന്ന് മാത്രമല്ല ഇത്തരം സർവ്വീസുകളിൽ ഹൃസ്വദൂര യാത്ര വളരെ വിരളവും ഇത്തരം സ്റ്റോപ്പുകൾക്കായി ആവശ്യങ്ങൾ ഇല്ലാത്തതും ആണ്.
ഇത്തരം സൂപ്പർ ക്ലാസ് ബസ്സുകൾ ആകെ ബസ്സുകളുടെ 5 ശതമാനത്തിൽ താഴെ മാത്രവുമാണ്. ബാക്കി 95% ബസ്സുകളിലും സ്ത്രീകളും, മുതിർന്ന പൗരൻമാരും, ഭിന്നശേഷിയുള്ളവരും രാത്രി 8 മണിക്കും രാവിലെ 6 മണിക്കും മദ്ധ്യേ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ്സുകൾ നിർത്തി നൽകുകയും ചെയ്യുന്നതാണ്.
ഈ സാഹചര്യത്തിൽ സൂപ്പർ ഫാസ്റ്റ് ശ്രേണിക്ക് മുകളിലോട്ടുള്ള ബസുകൾക്ക് രാത്രി നിർത്തുക്കുന്ന ഉത്തരവ് ബാധകമല്ലെന്ന് വ്യക്തത വരുത്തി കെഎസ്ആർടിസി ഉത്തരവ് ഇറക്കി.
സൂപ്പർ ക്ലാസ് ഒഴികെയുള്ള ബസ്സുകളിലും ഇത്തരത്തിലുള്ള പ്രത്യേക പരിഗണന ആവശ്യമായ മൂന്ന് വിഭാഗം യാത്രക്കാർക്കല്ലാതെ മറ്റു യാത്രക്കാർക്ക് ഈ സൗകര്യം ഉണ്ടായിരിക്കില്ല എന്ന വിവരം മറ്റ്
യാത്രാക്കാരേയും, പൊതുജനങ്ങളേയും അറിയിക്കുന്നതിനും എല്ലാ വിഭാഗം യാത്രക്കാരെയും സൂപ്പർ ക്ലാസ് സർവ്വീസുകൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ അല്ലാതെ മറ്റൊരു സ്ഥലത്തും രാത്രികാലങ്ങളിലോ, അല്ലാതെയോ നിർത്തുന്നതല്ലെന്നുള്ള വിവരം ബോധ്യപ്പെടുത്തുന്നതിനായി ബോർഡുകൾ സ്ഥാപിക്കുവാനും, ഇക്കാര്യം യാത്രക്കാരുടെ അറിവിലേക്ക് കണ്ടക്ടർമാർ യാത്രയുടെ തുടക്കത്തിൽ തന്നെ ബോധ്യപ്പെടുത്തണമെന്നും സിഎംഡി നിർദ്ദേശം നൽകി.