ഹരിപ്പാട്: പതിമൂന്നുവയസുകാരിയെ ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനു നാലു ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി 26 വര്‍ഷത്തെ തടവുകൂടിയുണ്ട്. ഇത് അനുഭവിച്ച ശേഷമാണു ജീവപര്യന്തം തടവ് അനുഭവിക്കേണ്ടത്. പ്രതി ജീവിതാന്ത്യം വരെ ജയിലില്‍ കഴിയണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ലക്ഷംരൂപ പിഴയും ഒടുക്കണം.
ഹരിപ്പാട് പോക്‌സോ കോടതിയിലെ ആദ്യ ശിക്ഷാവിധിയാണിത്. ജഡ്ജി ശാലീന വി.ജി നായരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്തിട്ടുള്ള തലയോലപ്പറമ്പ് സ്വദേശിക്കാണു ശിക്ഷലഭിച്ചത്. നൂറനാട് പോലീസ് 2015-ല്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി. പീഡനത്തിന് അമ്മയുടെ ഒത്താശയുണ്ടായെങ്കിലും കുട്ടിയുടെമൊഴി അവര്‍ക്ക് അനുകൂലമായിരുന്നു. അമ്മയ്ക്കു 41 ദിവസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും മുന്‍പ് അവര്‍ റിമാന്‍ഡില്‍ക്കഴിഞ്ഞ 45 ദിവസം ശിക്ഷാകാലമായി പരിഗണിച്ചു വിട്ടയച്ചു.
കൊട്ടാരക്കര നെടിയവിള, ഇടപ്പോണ്‍ ചെറുമുഖ, പൊന്‍കുന്നം തുടങ്ങിയ സ്ഥലങ്ങളില്‍ വാടകയ്ക്കുതാമസിക്കുമ്പോഴാണ് പീഡനം നടന്നത്. ഈ സ്ഥലങ്ങളിലെല്ലാം ഇയാള്‍ ശാന്തിക്കാരനായി ജോലി ചെയ്തിരുന്നു. നാലുപെണ്‍മക്കളുള്ള യുവതി ഭര്‍ത്താവ് മരിച്ചതിനുശേഷം കുട്ടികളെ ബാലമന്ദിരങ്ങളിലാണു താമസിപ്പിച്ചിരുന്നത്. അതിനിടെയാണ് പൂജാരിയായ പ്രതിയെ വിവാഹം ചെയ്തത്. അതിനുശേഷം വാടക വീടെടുത്ത് കുട്ടികള്‍ക്കൊപ്പം താമസിച്ചു.
ആ സമയത്ത് പ്രതി മൂത്തപെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചു. അതില്‍നിന്നു രക്ഷപ്പെട്ട കുട്ടി ബന്ധുക്കളുടെ സഹായത്തോടെ മറ്റൊരാളെ വിവാഹം കഴിച്ചു. ഇളയ രണ്ടുകുട്ടികള്‍ പ്രതിയുടെ പീഡനം സഹിക്കാന്‍ കഴിയാതെ ബാലികാസദനത്തിലേക്കു മടങ്ങി. 12 വയസുമാത്രം പ്രായമുണ്ടായിരുന്ന ഏറ്റവും ഇളയ കുട്ടിയാണു പിന്നീട് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. ആ കുട്ടിയെയാണ് പ്രതി ഒരുവര്‍ഷത്തോളം തുടര്‍ച്ചയായി ഉപദ്രവിച്ചത്. പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എസ്. രഘു ഹാജരായി. രണ്ടാനച്ഛന്റെ ഉപദ്രവം ഭയന്ന് പെണ്‍കുട്ടികള്‍ എപ്പോഴും സേഫ്റ്റി പിന്നും ബ്ലേഡും കൈയില്‍ കരുതാറുണ്ടായിരുന്നെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.