തിരുവനന്തപുരം: കേരളത്തിലെ ഓട്ടോറിക്ഷകളുടെ പെർമിറ്റ് നിയമങ്ങളിൽ ഇളവുമായി സംസ്ഥാന സർക്കാർ. ഓട്ടോറിക്ഷകൾക്ക് കേരളം മുഴുവൻ ഇനി സർവീസ് നടത്താനുള്ള അനുമതി ലഭിക്കുന്ന നിലയിലേക്ക് നിലവിലെ പെർമിറ്റ് ചട്ടങ്ങളിൽ ഇളവ് വരുത്തി. സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി യൂണിയനുകളുടെ കാലങ്ങളായുള്ള ആവശ്യം കണക്കിലെടുത്ത് കൂടിയാണ് പുതിയ തീരുമാനം എന്നാണ് സൂചന.
അപകട നിരക്കുകൾ കൂടുമെന്ന മുന്നറിയിപ്പ് അടക്കം തള്ളിക്കൊണ്ടാണ് പുതിയ തീരുമാനം. സംസ്ഥാന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് സുപ്രധാന തീരുമാനം. നേരത്തെ ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു പെർമിറ്റ് അനുവദിച്ചിരുന്നത്.
എന്നാൽ പുതിയ ഇളവ് നിലവിൽ വന്നതോടെ ഇനി ദീർഘദൂര യാത്രകൾക്ക് ഉൾപ്പെടെ ഓട്ടോറിക്ഷ ഉപയോഗിക്കാൻ കഴിയും. 'ഓട്ടോറിക്ഷ ഇൻ ദ സ്‌റ്റേറ്റ്' എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്. പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്‌റ്റേറ്റ് പെർമിറ്റ് ആയി റജിസ്ട്രർ ചെയ്യേണ്ടി വരും.
എന്നാൽ ഓട്ടോറിക്ഷ പോലെയുള്ള വാഹനത്തിന് ദീർഘദൂര യാത്രയ്ക്കുള്ള അനുമതി നൽകുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്ന മുന്നറിയിപ്പുകൾ പൂർണമായും തള്ളിക്കൊണ്ടാണ് സർക്കാരിന്റെ തീരുമാനം. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത്. അപകട സാധ്യത കൂടുതലാണെന്ന് അവർ ചർച്ചകളിൽ പലവട്ടം ചൂണ്ടിക്കാണിക്കുകയും ചെയ്‌തിരുന്നു. എന്നാൽ യൂണിയൻ ആവശ്യത്തിന് മുന്നിൽ സർക്കാർ വഴങ്ങുകയായിരുന്നു.
പ്രധാനമായും ഓട്ടോറിക്ഷയെ ഇത്തരം യാത്രകൾക്ക് അനുയോജ്യമല്ലാതാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ടെന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിരുന്നു. സീറ്റ് ബെൽറ്റ് ഉൾപ്പെടെയുള്ള യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാത്ത വാഹനമെന്ന നിലയിൽ കേരളത്തിലെ വരാനിരിക്കുന്ന അതിവേഗ പാതകളിൽ ഓട്ടോറിക്ഷകൾ മരണക്കുഴി തീർക്കുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആശങ്ക.