NationalNews

'ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധം, രാജിവയ്ക്കാൻ ഞാനൊരു തെറ്റും ചെയ്‌തിട്ടില്ല'; സിദ്ധരാമയ്യ

ബെംഗളൂരു: ഭൂമി കുംഭകോണ കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടിയെ വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും നിയമ വിരുദ്ധമാണെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഗവർണറുടെ തീരുമാനം പുറത്തുവന്നതിന് മണിക്കൂറുകൾ പിന്നിടും മുൻപാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും. രാജി വയ്ക്കാൻ ഞാനൊരു തെറ്റും ചെയ്‌തിട്ടില്ല" എന്നായിരുന്നു പ്രതിപക്ഷം രാജി ആവശ്യപ്പെട്ടതിനെ കുറിച്ച് അദ്ദേഹം ബെംഗളൂരുവിൽ മാധ്യമപ്രവർത്തകർക്ക് നൽകിയ മറുപടി. മന്ത്രിസഭ മുഴുവനും, പാർട്ടി ഹൈക്കമാൻഡും എംഎൽഎമാരും ഒക്കെ തനിക്കൊപ്പമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബിജെപിയും ജെഡിഎസും ഉൾപ്പെടെയുള്ളവർ ചേർന്ന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാനായി നടത്തുന്ന ഗൂഢാലോചനയാണിതെന്നും സിദ്ധരാമയ്യ ആരോപിച്ചു. പ്രദീപ് കുമാർ, ടിജെ എബ്രഹാം, സ്‌നേഹമയി കൃഷ്‌ണ എന്നീ മൂന്ന് ആക്‌ടിവിസ്‌റ്റുകൾ നൽകിയ ഹർജിയെ തുടർന്നാണ് മുഡ ഭൂമി കുംഭകോണ കേസിൽ ഗവർണർ മുഖ്യമന്ത്രിയെ പ്രോസിക്യൂഷൻ ചെയ്യാൻ അനുമതി നൽകിയത്.

സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാർവതിക്ക് മൈസൂരു പരിസരത്ത് 14 ബദൽ സൈറ്റുകൾ അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. സിദ്ധരാമയ്യ, ഭാര്യ, മകൻ എസ് യതീന്ദ്ര, മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരാണ് പരാതിയിൽ പറയുന്നത്.

എന്നാൽ തന്റെ ഭാര്യക്ക് നഷ്‌ടപരിഹാരം അനുവദിച്ചുവെന്ന് പറയുന്ന ഭൂമി 1998-ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ 2004ൽ മല്ലികാർജുന ഇത് അനധികൃതമായി സമ്പാദിക്കുകയും സർക്കാർ, റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖകൾ ചമച്ച് 1998ൽ രജിസ്‌റ്റർ ചെയ്‌തതാണെന്നും പരാതിയിൽ ആരോപിക്കുന്നു.

അതേസമയം, ഭൂമി കുംഭകോണ വിവാദത്തിൽ സിദ്ധരാമയ്യക്ക് ഡികെ ശിവകുമാർ രംഗത്ത് വന്നിരുന്നു. ഇതൊരു ഗൂഢാലോചന ആണെന്നും സർക്കാർ സർവേ ശക്തിയുമെടുത്ത് അതിനെ പ്രതിരോധിക്കുമെന്നും ഡികെ ശിവകുമാർ വ്യക്തമാക്കിയിരുന്നു. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും എന്നാണ് ഉപമുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഗവർണറുടെ ഓഫീസിനെ ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് ദൗർഭാഗ്യകരമാണ്. അദ്ദേഹം രാജിവെക്കുന്ന പ്രശ്‌നമില്ല, അദ്ദേഹം ആ സ്ഥാനത്ത് തുടരുമെന്നും ഡികെ ശിവകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് പുറമെ ഗവർണർ സ്വീകരിച്ച നടപടികൾ പൂർണമായും നിയമവിരുദ്ധമാണെന്ന് മന്ത്രി കൃഷ്‌ണ ബേരഗൗഡയും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker