FeaturedHome-bannerKeralaNews

ഗവർണർക്കെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: സംസ്ഥാന നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകുന്നതിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണറുടെ നടപടി ഭരണഘടനയുടെ അടിസ്ഥാന ശിലയ്ക്ക് ഭീഷണിയാണെന്ന് കേരളം റിട്ട് ഹർജിയിൽ ആരോപിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങളും ബില്ലുകളിലൂടെ ലക്ഷ്യമിട്ട ക്ഷേമ പ്രവർത്തനങ്ങളും പരാജയപെടുത്തുന്നതാണ് ഗവർണറുടെ നടപടിയെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. അടിയന്തിരമായി ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

ഗവർണറുടെ തീരുമാനം വൈകുന്നവയിൽ മൂന്നെണ്ണം സർവകലാശാല നിയമ ഭേദഗതി ബില്ലുകളാണ്. 2021 നവംബറിൽ കൈമാറിയ ഈ ബില്ലുകളിൽ കഴിഞ്ഞ 23 മാസമായി ഗവർണർ തീരുമാനമെടുക്കുന്നില്ലെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സഹകരണ ഭേദഗതി ബില്ല് 14 മാസമായും ലോകായുക്ത ഭേദഗതി ബില്ല് ഒരു വർഷോത്തോളമായും ഗവർണറുടെ പരിഗണനയിലാണ്. 2022-ൽ നിയമസഭാ പാസ്സാക്കിയ രണ്ട് സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ ഒരു വർഷത്തോളമായി ഗവർണറുടെ തീരുമാനത്തിനായി കാത്ത് കിടക്കുകയാണ്. പൊതുജനാരോഗ്യ ബില്ല് ഗവർണർക്ക് കൈമാറിയിട്ട് അഞ്ച് മാസത്തോളമായെന്നും സംസ്ഥാന സർക്കാർ റിട്ട് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

ഭരണഘടനയുടെ 200-ാം അനുച്ഛേദ പ്രകാരം നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ ഗവർണർക്ക് കൈമാറണം. ഗവർണർ അതിൽ ഒപ്പ് വയ്ക്കുമ്പോൾ മാത്രമാണ് ബില്ല് നിയമമായി മാറുന്നത്. ബില്ലിനോട് എതിർപ്പുണ്ടെങ്കിൽ ഗവർണർക്ക് അവ സർക്കാരിന് തിരിച്ചയയ്ക്കാം. അല്ലെങ്കിൽ കേന്ദ്രത്തിന് കൈമാറാം. ഈ നടപടികൾ എത്രയുംവേഗം ഉണ്ടാകണമെന്നാണ് ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതിന് സമയക്രമം നിശ്ചയിച്ചിട്ടില്ല. സമയക്രമം ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് ഗവർണർ തീരുമാനം വൈകിക്കുന്നതെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.

ചീഫ് സെക്രട്ടറിയും ടി.പി രാമകൃഷ്ണനും ഹർജിക്കാർ

ഗവർണർക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത റിട്ട് ഹർജിയിൽ രണ്ട് ഹർജിക്കാരാണുള്ളത്- സംസ്ഥാന ചീഫ് സെക്രട്ടറിയും പേരാമ്പ്ര എം.എൽ.എ ടി പി രാമകൃഷ്‌ണനും. നിയമസഭാ അംഗങ്ങളുടെ അവകാശം കൂടി ഗവർണർ തകർക്കുന്നുവെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനാണ് ടി.പി രാമകൃഷ്ണൻ ഹർജിക്കാരനായെതെന്നാണ് സൂചന.

ചീഫ് സെക്രട്ടറിക്ക് വേണ്ടി മുൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാലാകും സുപ്രീം കോടതിയിൽ ഹാജരാകുക. ടി.പി രാമകൃഷ്ണന് വേണ്ടിയും സീനിയർ അഭിഭാഷകർ കോടതിയിൽ ഹാജരാകും. ഗവർണർക്ക് പുറമെ, രാജ് ഭവനിലെ അഡീഷണൽ ചീഫ് സെക്രട്ടറി, കേന്ദ്ര സർക്കാർ എന്നിവരാണ് കേസിലെ എതിർ കക്ഷികൾ. സ്റ്റാന്റിങ് കോൺസൽ സി.കെ ശശിയാണ് ഹർജി ഫയൽ ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button