32.8 C
Kottayam
Friday, April 26, 2024

മികച്ച നടന്‍ ജയസൂര്യ,മികച്ച നടി അന്നാ ബെന്‍,സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Must read

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച സിനിമ. ജയസൂര്യ വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. കപ്പേളയിലെ അഭിനയം അന്ന ബെന്നിനെ മികച്ച നടിയാക്കി. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ. മികച്ച ജനപ്രീതിയും കലാമേന്മയുള്ള ചിത്രമായി അയ്യപ്പനും കോശിയും തെരഞ്ഞെടുക്കപ്പെട്ടു

മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നിശ്ചയമാണ്. നവാഗത സംവിധായകനുള്ള അവാർഡ് കപ്പേളയിലൂടെ മുഹമ്മദ് മുസ്തഫ കരസ്ഥമാക്കി. ആഖ്യാനത്തിന്റെ പിരിയൻ ഗോവണികൾ എന്ന ഗ്രന്ഥം എഴുതിയ പികെ സുരേന്ദ്രൻ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് നേടി. അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ എന്ന ലേഖനത്തിന് ജോൺ സാമുവൽ മികച്ച ലേഖനത്തിനുള്ള അവാർഡ് നേടി.

മികച്ച വിഷ്വൽ എഫക്ട്സിനുള്ള അവാർഡ് ലൗ നേടി. മികച്ച പുരുഷ ഡബ്ബിങ് ആർട്ടിസ്റ്റായി ഷോബി തിലകനും സ്ത്രീ വിഭാഗത്തിൽ റിയ സൈറയും (അയ്യപ്പനും കോശിയും) അവാർഡ് നേടി. ആർട്ടിക്കിൾ 21 ലൂടെ റഷീദ് അഹമ്മദ് മികച്ച മേക്കപ്പ്മാനായി. സീ യൂ സൂണിലൂടെ മഹേഷ് നാരായണൻ മികച്ച ചിത്രസംയോജകനുള്ള അവാർഡ് നേടി

മികച്ച ഗായകൻ – ഷഹബാസ് അമൻ
മികച്ച ഗായിക- നിത്യ മാമൻ (സൂഫിയും സുജാതയും)
സംഗീത സംവിധാനം – എം. ജയചന്ദ്രൻ (സൂഫിയും സുജാതയും)
മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി (ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)
മികച്ച ബാലതാരം ആൺ – നിരഞ്ജൻ എസ് (കാസിമിന്റെ കടൽ)
മികച്ച സ്വഭാവ നടൻ – സുധീഷ്
മികച്ച സ്വഭാവ നടി – ശ്രീ രേഖ (വെയിൽ)
പ്രത്യേക ജൂറി
സിജി പ്രദീപ്- ഭാരതപുഴ
നാഞ്ചിയമ്മ – ഗായിക – അയ്യപ്പനും കോശിയും
നളിനി ജമീല – വസ്ത്രാലങ്കാരം- ഭാരതപുഴ

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമയായി തെരഞ്ഞെടുത്ത തീരുമാനം ജൂറി ഒറ്റക്കെട്ടായി എടുത്തതാണെന്ന് ജൂറി ചെയർപേഴ്സൺ സുഹാസിനി അറിയിച്ചു. മികച്ച നടിയുടെ അവാർഡിൽ ശക്തമായ പോരാട്ടം ഉണ്ടായിരുന്നതായും മികച്ച തിരക്കഥകളിൽ നല്ല എൻട്രികൾ ഉണ്ടായില്ലെന്നും സുഹാസിനി പറഞ്ഞു.

ഇത്തവണ 30 സിനിമകളായിരുന്നു അന്തിമ പട്ടികയിലുണ്ടായിരുന്നത്. നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമാണ് ഇത്തവണത്തെ ജൂറി ചെയര്‍പേഴ്സണ്‍. സംവിധായകന്‍ ഭദ്രന്‍, കന്നഡ സംവിധായകന്‍ പി.ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷര്‍.

അവാര്‍ഡിനായി സമര്‍പ്പിച്ച എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിയ്ക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്കരിച്ചിരുന്നതിനെ തുടര്‍ന്ന് വരുന്ന ആദ്യത്തെ അവാര്‍ഡ് നിര്‍ണയമാണിത്. പ്രാഥമിക ജൂറിയില്‍ എട്ട് അംഗങ്ങളും അന്തിമ ജൂറിയില്‍ ഏഴ് അംഗങ്ങളുമാണുള്ളത്. എഡിറ്റര്‍ സുരേഷ് പൈ, ഗാനരചയിതാവ് മധു വാസുദേവന്‍, നിരൂപകന്‍ ഇ.പി. രാജഗോപാലന്‍, ഛായാഗ്രാഹകന്‍ ഷെഹ്‍നാദ് ജലാല്‍, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി എന്നിവരാണ് പ്രാഥമിക വിധി നിര്‍ണയ സമിതിയിലെ അംഗങ്ങള്‍.

ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്‍, സംഗീത സംവിധായകന്‍ മോഹന്‍ സിതാര, സൗണ്ട് ഡിസൈനര്‍ ഹരികുമാര്‍ മാധവന്‍ നായര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍. ശശിധരന്‍ എന്നിവര്‍ അന്തിമജൂറിയിലെ അംഗങ്ങളാണ്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഇരുസമിതികളുടെയും മെമ്ബര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.
നിരൂപകന്‍ ഡോ. പി.കെ. രാജശേഖരനാണ് രചനാവിഭാഗം ജൂറിയുടെ ചെയര്‍മാന്‍. ചലച്ചിത്ര നിരൂപകരായ ഡോ. മുരളീധരന്‍ തറയില്‍, ഡോ. ബിന്ദുമേനോന്‍, സി. അജോയ് (മെമ്ബര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍. നാലു കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ 80 ചിത്രങ്ങളാണ് 2020ലെ കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡിനായി മത്സരിച്ചത്. സെപ്റ്റംബര്‍ 28 മുതലാണ് ജൂറി സ്ക്രീനിംഗ് ആരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week