ന്യൂഡല്‍ഹി: കൂട്ടപ്പലായനം അനുവദിക്കരുതെന്നും ജില്ലാ, സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാനും സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. ഇതര സംസ്ഥാനത്തൊഴിലാളികളും മറ്റും കൂട്ടത്തോടെ മടങ്ങുന്നത് കോവിഡിനെതിരായ പ്രതിരോധത്തിന്റെ താളം തെറ്റിക്കുമെന്നും സമൂഹവ്യാപനത്തിനു വഴിവയ്ക്കുമെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതിര്‍ത്തികളിലൂടെ ചരക്കുനീക്കം മാത്രമേ അനുവദിക്കാവൂ. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ സാന്നിധ്യത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവികളുമായും ആശയവിനിമയം നടത്തിയ ഗൗബ, ഇക്കാര്യങ്ങള്‍ വിശദമാക്കി സംസ്ഥാനങ്ങള്‍ക്കു കത്തയച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴിലില്ലാതായ ഇത്തരക്കാര്‍ക്കു സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കണം. വിലക്കു ലംഘിച്ച് കടന്നെത്തിയവരെ 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ പാര്‍പ്പിക്കണം.

കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ ജില്ലാ മജിസ്ട്രേറ്റുമാരും പോലീസ് മേധാവിമാരും വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്നു കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വ്യക്തമാക്കി. ദിനപത്രങ്ങളടക്കം അച്ചടിമാധ്യമങ്ങളുടെ വിതരണശൃംഖല മുറിയരുതെന്നു പ്രത്യേകം നിര്‍ദേശമുണ്ട്. അവശ്യസാധനങ്ങളല്ലാത്തവയുടെ ചരക്കുനീക്കവും അനുവദിക്കാം. അവശ്യവസ്തുക്കള്‍ക്കൊപ്പം സാനിറ്റെസര്‍, സോപ്പ്, സാനിറ്ററി പാഡ്, ടൂത്ത് പേസ്റ്റ് തുടങ്ങി ശുചിത്വ ഉപാധികളുടെ നീക്കവും ഉറപ്പാക്കണം.

ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കരുത്, താമസസ്ഥലങ്ങളുടെ വാടകയ്ക്കായി ഒരു മാസത്തേക്കു നിര്‍ബന്ധം ചെലുത്തരുത്, തൊഴിലാളികളെയും വിദ്യാര്‍ഥികളെയും താമസസ്ഥലത്തുനിന്ന് ഇറക്കിവിടുന്നവര്‍ക്കെതിരേ നടപടിയെടുക്കണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി.ഡല്‍ഹിയില്‍നിന്നു തൊഴിലാളികളുടെ കൂട്ടപ്പലായനം വലിയ പ്രശ്നമായതോടെയാണ് കേന്ദ്രം ഇക്കാര്യം അടിയന്തിരമായി ചര്‍ച്ച ചെയ്തത്.

ഇതിനു പുറമെ കേരളത്തിലും സമാന സംഭവം ഉണ്ടായിരുന്നു. ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കു സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് സംസ്ഥാന ദുരന്ത ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.