ന്യൂഡൽഹി: യുവസംരംഭക ഹൃദയാഘാതം മൂലം മരിച്ചു. വനിതകൾക്കായുള്ള ‘പൻഖുരി’ ഓൺലൈൻ പ്ലാറ്റ്ഫോമിന്റെയും ‘ഗ്രാബ്ഹൗസ്’ എന്ന സ്റ്റാർട്ട്അപ്പിന്റെയും സ്ഥാപക പൻഖുരി ശ്രീവാസ്തവയാണു മരിച്ചത്. 32 വയസ്സായിരുന്നു. ഡിസംബർ 24നാണ് ഇവർക്ക് ഹൃദയാഘാതം സംഭവിച്ചതെന്ന് പൻഖുരി കമ്പനി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ അറിയിച്ചു.
ഗ്രാബ്ഹൗസ് എന്ന ഓൺലൈൻ ക്ലാസിഫൈഡുകള്‍ക്കു വേണ്ടിയുള്ള സ്ഥാപനത്തെ 2016ൽ ഈ മേഖലയിലെ വമ്പന്മാരായ ക്വിക്ക്‌ർ ഏറ്റെടുത്തിരുന്നു. ഝാൻസിയിൽ ജനിച്ച പൻഖുരി, രാജീവ് ഗാന്ധി ടെക്നോളജിക്കൽ സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം നേടി. തുടക്കത്തിൽ മുംബൈയിലെ സര്‍ക്കാർ സ്കൂളുകളിൽ അധ്യാപികയായി പ്രവർത്തിച്ചു.
ഒരു വർഷം മുൻപ് വിവാഹിതയായ ഇവർ ഡിസംബർ രണ്ടിന് വിവാഹ വാർഷികം ആഘോഷിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളുടെ ഓൺലൈൻ കമ്യൂണിറ്റി പ്ലാറ്റ്ഫോമായ ‘പൻഖുരി’ക്ക് അമേരിക്കൻ സ്ഥാപനമായ സെക്വോയ ക്യാപിറ്റലിന്റെ പിന്തുണയുമുണ്ടായിരുന്നു. സെക്വോയ ക്യാപിറ്റൽ ഇന്ത്യ എംഡി ശൈലേന്ദ്ര സിങ് മരണത്തിൽ അനുശോചിച്ചു.