തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് ജീവനക്കാരന് രണ്ട് കോടി രൂപ തട്ടിയെടുത്തു. ജില്ലാ കളക്ടറുടെ അക്കൗണ്ടിലുള്ള പണമാണ് തട്ടിയെടുത്തത്. മാസങ്ങള്‍ക്ക് മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍നെയിമും പാസ്വേര്ഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ട്രഷറി ഡയറക്ടറേറ്റ് തീരുമാനിച്ചു.
സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റാണ് ജില്ലാ കളക്ടറുടെ അക്കൗണ്ടിലുള്ള രണ്ട് കോടി രൂപ തട്ടിയെടുത്തത്. ഈ പണം ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. രണ്ട് മാസം മുന്‍പ് വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസര്‍നെയിം, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മേയ് 31നാണ് സബ്ട്രഷറി ഓഫീസര്‍ വിരമിച്ചത്.
അതിന് രണ്ട് മാസം മുന്‍പ് മുതല്‍ അദ്ദേഹം അവധിയിലുമായിരുന്നു. വിരമിക്കുന്ന ദിവസം തന്നെ യൂസര്‍നെയിമും പാസ്വേര്ഡും റദ്ദാക്കണമെന്നാണ് ചട്ടം. ഈ യൂസര്‍നെയിം ഉപയോഗിച്ച് ജൂലൈ 27 നാണ് തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയശേഷം ഇടപാടിന്റെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തു.
എന്നാല്‍ പണം കൈമാറ്റം രേഖപ്പടുത്തുന്ന ഡേ ബുക്കില്‍ രണ്ട് കോടിയുടെ വ്യത്യാസം കണ്ടതോടെയാണ് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇക്കാര്യം സബ്ട്രഷറി ഓഫീസര്‍ ജില്ലാ ട്രഷറി ഓഫീസറേയും വിജിലന്‍സിന്റെ ചുമതലയുള്ള ജോയിന്റ് ട്രഷറി ഡയറക്ടറേയും അറിയിക്കുകയായിരുന്നു. കൂടുതല്‍ പേര് തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, കൂടുതല്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നിവയില്‍ വിശദമായ അന്വേഷണം നടത്താന്‍ ട്രഷറി ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.