തിരുവനന്തപുരം: അമ്പലമുക്കില്‍ ചെടിക്കടയിലെ ജീവനക്കാരിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഞായറാഴ്ച 11 മണിയോടെ ചെടിക്കടയുടെ ഭാഗത്തേക്ക് പോയ ആള്‍ 20 മിനിറ്റിനുള്ളില്‍ തിരികെ വരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. തിരിച്ചിറങ്ങിയ ഇയാളുടെ കയ്യില്‍ മുറിവുണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സാക്ഷി മൊഴി.
ഞായറാഴ്ചയാണ് അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് സ്വദേശി വിനീതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അവധിയായിട്ടും ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് വിനീത എത്തിയത്. 11 മണി വരെ സമീപവാസികള്‍ വിനീതയെ പുറത്തുകണ്ടിരുന്നു. നഴ്‌സറിയില്‍ ചെടിവാങ്ങാനെത്തിയ ചിലര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ ഉടമസ്ഥനെ വിളിക്കുകയായിരുന്നു.
വിനീത കടയിലുണ്ടെന്ന് പറഞ്ഞെങ്കിലും ആരും ഇല്ലെന്ന് ചെടിവാങ്ങാനെത്തിയവര്‍ ഉടമയെ അറിയിച്ചു. ഇതോടെ സംശയം തോന്നിയ ഉടമസ്ഥന്‍ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് നഴ്‌സറിയുടെ ഇടത് വശം ഇടുങ്ങിയ സ്ഥലത്ത് വളം വയ്ക്കുന്ന സ്ഥലത്ത് ടാര്‍പ്പോളിനടിയില്‍ മൃതദേഹം കണ്ടത്.പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മൂര്‍ച്ചയേറിയ മൂന്ന് കുത്തേറ്റാണ് മരണം. വിനീതയെ അടുത്തറിയാവുന്ന വ്യക്തിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
ഞായറാഴ്ച വിനീത കടയില്‍ എത്തുമെന്ന് അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നില്‍.വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്റെ മാല കണ്ടെത്താനായിട്ടില്ല. ഇവരുടെ കൈവശം 25000 രൂപ ഉണ്ടായിരുന്നെന്നും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കി. ആഭരണമോ പണമോ കൈക്കലാക്കാനാണ് കൊലപാതകമെന്നാണ് പൊലീസ് സംശയം. വിനീത ഒന്നരവര്‍ഷമായി ആഗ്രോ ക്ലിനിക്കെന്ന നഴ്‌സറിയില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചു. രണ്ട് മക്കളുണ്ട്.