തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കന്റെറി പരീക്ഷകൾ നാളെ തുടങ്ങും. 4.22 ലക്ഷം വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഹയർ സെക്കന്റെറിയിൽ 4.46 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കർശന മുന്നൊരുക്കങ്ങളോടെയാണ് പരീക്ഷ.
രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയുമെന്ന രീതിയിലാണ് ക്രമീകരണം. എന്നാൽ റംസാൻ നോമ്പ് പ്രമാണിച്ച് ഏപ്രിൽ 15 മുതൽ രാവിലെയാകും എസ്എസ്എൽസി പരീക്ഷ. ഈ വർഷം 4,22,226 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഗൾഫിലും ലക്ഷദ്വീപിലും ഉൾപ്പെടെ 2947 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പ്രൈവറ്റ് വിഭാഗത്തിൽ 990 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വൊക്കേഷണൽ ഹയർ സെക്കന്റെറി രണ്ടാം വർഷ പരീക്ഷ വെള്ളിയാഴ്ച ആരംഭിച്ച് 26ന് അവസാനിക്കും. 389 പരീക്ഷാകേന്ദ്രങ്ങളിലായി 28,565 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.