ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ (KM Basheer) വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ(Sriram venkitaraman) ഐഎഎസിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. ശ്രീറാമിനെ കളക്ടറായി നിയമിച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിൽ രാവിലെ പത്ത് മണിക്ക് കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കും.
ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനം ആലപ്പുഴ ജില്ലയ്ക്ക് തന്നെ അപമാനമാണെന്ന് മുസ്ലീംലീഗ് ജില്ല അധ്യക്ഷൻ എ.എം.നസീർ പറഞ്ഞു. മാധ്യമ പ്രവർത്തകൻ കെ. എം ബഷീറിനെ മദ്യപിച്ചു വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആലപ്പുഴ ജില്ലാ കളക്ടർ ആയി നിയമിച്ച സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാർ നിയമനത്തോടെ ആലപ്പുഴയാണ് അപമാനിക്കപ്പെട്ടത്. മജിസ്റ്റീരിയൽ അധികാരമുള്ള ജില്ലാ കളക്ടർ പദവിയിലേക്ക് കളങ്കിതനായ വ്യക്തിയെ നിയമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും എ.എം.നസീർ പ്രസ്താവനയിൽ പറഞ്ഞു.
ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ (Sri ram venkitaraman)നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല. ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിൻ്റെ നിയമനം. എന്തിന് ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ എന്തിന് കെട്ടിവയ്ക്കുന്നു. സർക്കാർ ഈ തീരുമാനം പിൻവലിക്കണം. ചിന്തൻ ശിബിരം കോണ്ഗ്രസിലെ മാറ്റത്തിൻ്റെ തുടക്കമാണ്. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. തൃക്കാക്കരയിൽ കണ്ട ഐക്യമാകും ഇനി പാർട്ടിയിൽ തുടർന്നും കാണുകയെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴ കളക്ടറുമായുള്ള ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. സമനില തെറ്റിയ സർക്കാരിൻ്റെ സമനില തെറ്റിയ തീരുമാനമാണ് ശ്രീറാമിൻ്റെ നിയമനമെന്നും ഇദ്ദേഹം പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയുള്ള നിയമനമായിരുന്നു കഴിഞ്ഞ ദിവസത്തെ ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിൽ ഏറ്റവും വിവാദമായത് . മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കലക്ടറായി നിയമിച്ചത് ശരിയോ എന്ന വിമർശനമാണ് സജീവമാകുന്നത്. ശ്രീറാമിൻ്റെ നിയമനത്തിൽ കോൺഗ്രസ് വലിയ എതിർപ്പാണ് ഉയർത്തുന്നത്.
കഴിഞ്ഞ ദിവസം എൽഡിഎഫിൽ നിന്നും ശ്രീറാമിൻ്റെ നിയമനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നു. ബഷീറിൻറെ കുടുംബത്തോട് ഇതുവരെ പരസ്യമായി മാപ്പ് പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ കലക്ടറാക്കിയതിൽ വേദനയുണ്ടെന്നായിരുന്നു ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂരിൻറെ വിമർശനം.
ശ്രീറാം പ്രതിയായ കേസ് ഇപ്പോൾ വിചാരണഘട്ടത്തിലാണ്. ശ്രീറാമിനേക്കാൾ ജൂനിയറായ പല ഐഎഎസ് ഉദ്യോഗസ്ഥർക്കും ഇതിനകം കലക്ടർ പദവി നൽകിയെന്നാണ് സർക്കാർ വിശദീകരണം. കേസിൻ്റെ പേരിൽ ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും അധികൾ നാൾ മാറ്റിനിർത്താനാകില്ലെന്നും പറയുമ്പോഴും മജിസ്ട്രേറ്റിൻറെ അധികാരമുള്ള കലക്ടർ തസ്തിക നൽകണോ വേണ്ടയോ എന്നത് സർക്കാറിൻറെ നയപരമായ തീരുമാനമാണ്.
ശ്രീറാമിനെ കലക്ടറാക്കി നിയമിക്കുന്നതിൽ ഐഎഎസ് അസോസിയേഷൻ ശക്തമായ സമ്മർദ്ദം ചെലുത്തിയെന്നാണ് വിവരം. ബഷീറിൻറ അപകടം ഉണ്ടായപ്പോൾ ശ്രീറാമിന് ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞ മറവിരോഗവും അന്ന് സിപിഎം നേതാക്കൾ ശ്രീറാമിനെതിരെ നടത്തിയ പഴയ വിമർശനങ്ങളും കുത്തിപ്പൊക്കിയാണ് സർക്കാറിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം തുടരുന്നത്. നേരത്തെ വകുപ്പ് തല അന്വേഷണത്തിൽ ക്ലീൻ ചിറ്റ് കിട്ടിയതിനെ തുർന്നാണ് ശ്രീറാമിനം ആരോഗ്യവകുപ്പിൽ നിയമിക്കുന്നത്.