തിരുവനന്തപുരം: അമിതവേഗത്തില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ റിമാന്‍ഡില്‍. ശ്രീറാമിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
അപകടത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകളും ചുമത്തുകയായിരുന്നു.
മോട്ടോര്‍ വാഹനവകുപ്പ് നിയമപ്രകാരം എടുത്ത കേസുകളില്‍ ചുരുങ്ങിയത് മുപ്പത് ദിവസമെങ്കിലും ജയിലില്‍ കിടന്നാല്‍ മാത്രമേ ശ്രീറാമിന് ജാമ്യം കിട്ടൂ എന്നാണ് നിയമവിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.
അപകടത്തിന് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്‌ട്രേറ്റുമായി എത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അപകടസമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വാഹന ഉടമയും സംഭവത്തിലെ പ്രധാന സാക്ഷിയുമായ വഫ റിയാസിന്റെ മൊഴിയാണ് ശ്രീറാമിന് കുരുക്കായത്.
മദ്യപിച്ച് വാഹനമോടിച്ച ശ്രീറാമാണ് അപകടമുണ്ടാക്കിയതെന്ന് വഫ കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്നാണ് സൂചന. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്നും വഞ്ചിയൂര്‍ കോടതിയിലെത്തിച്ച വഫ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അഞ്ചിലാണ് അഞ്ച് പേജുള്ള രഹസ്യമൊഴി വഫ നല്‍കിയത്.
ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കുമെന്ന്. മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. വഫയുടെ കാറിന്റെ റജിസ്‌ട്രേഷനും റദ്ദാക്കും. കാറില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കമുള്ള നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ വഫയെയും പ്രതി ചേര്‍ത്തു. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. വഫയെ കുടുംബാംഗങ്ങള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടു.