കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട ശ്രീനിവാസൻ ഇനി ഓർമത്തിരയിൽ. ഉദയംപേരൂരിലെ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടന്ന സംസ്‌കാരച്ചടങ്ങിൽ മക്കളായ വിനീതും ധ്യാനും ചിതയ്ക്ക് തീകൊളുത്തി. ‘എന്നും എല്ലാവർക്കും നന്മകൾ നേരുന്നു’ എന്ന കുറിപ്പും പേനയും സംവിധായകൻ സത്യൻ അന്തിക്കാട് ഭൗതികദേഹത്തിൽ സമർപ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് കണ്ടനാട്ടെ ‘പാലാഴി’ വീട്ടിലെത്തിയത്. നടൻമാരായ സൂര്യ, നിവിൻ പോളി, വിനീത്, നടനും എംഎൽഎയുമായ മുകേഷ് തുടങ്ങിയവർ വീട്ടിലെത്തി. ശനിയാഴ്ച രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വിവിധ രോഗങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
കണ്ണൂർ പാട്യം സ്വദേശിയായ ശ്രീനിവാസൻ പി.എ ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിൽ അഭിനയിച്ചാണ് മലയാള സിനിമയിലേക്കെത്തുന്നത്. 1984-ൽ പ്രിയദർശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും അരങ്ങേറി. 48 വർഷത്തെ സിനിമാജീവിതത്തിൽ 54 സിനിമകൾക്ക് തിരക്കഥ എഴുതുകയും രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു.


