കണ്ണൂര്‍: രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്നയാളാണെന്ന സിപിഎം നേതാവ് പി. ജയരാജന്റെ പരിഹാസത്തിന് മറുപടിയുമായി നടനും സംവിധായകനുമായ ശ്രീനിവാസന്‍ രംഗത്ത്.
‘ബുദ്ധിയില്ലാതിരുന്ന സമയത്ത് എസ്.എഫ്.ഐയുമായി ആഭിമുഖ്യമുള്ള ആളായിരുന്നു. കുറച്ചുകൂടി ബുദ്ധിവെച്ചപ്പോള്‍ കെ.എസ്.യുവില്‍ എത്തി. പിന്നീട് അല്‍പം കൂടി ബുദ്ധിയുണ്ടായപ്പോള്‍ എ.ബി.വി.പിക്കാരനായി. സാമാന്യബുദ്ധി വന്നപ്പോള്‍ ട്വന്റി-ട്വന്റിയില്‍ എത്തി’- ശ്രീനിവാസന്‍ പറഞ്ഞു.
പഠിക്കുന്ന കാലത്ത് എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്രീനിവാസന്‍, കൃത്യമായി രാഷ്ട്രീയം മനസിലാക്കുന്ന ആളല്ലെന്നും ചാഞ്ചാട്ട നിലപാടുള്ളയാളാണെന്നും ജയരാജന്‍ പരിഹസിച്ചിരുന്നു.
ട്വന്റി 20 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. കോതമംഗലത്ത് പി.ജെ ജോസഫിന്റെ മരുമകന്‍ ഡോ. ജോ ജോസഫ് സ്ഥാനാര്‍ഥിയാകും. കുന്നത്തുനാട് ഡോ. സുജിത് പി സുരേന്ദ്രന്‍, പെരുമ്പാവൂര്‍ ചിത്ര സുകുമാരന്‍, മൂവാറ്റുപുഴ സി.എന്‍ പ്രകാശ്, വൈപ്പിന്‍ ഡോ. ജോബ് ചക്കാലക്കല്‍ എന്നിവരാണ് മത്സരംഗത്തുള്ളത്.
ട്വന്റി 20ക്ക് പരസ്യ പിന്തുണയുമായി ആദ്യമെത്തിയത് നടന്‍ ശ്രീനിവാസനായിരിന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എന്നാല്‍ ട്വന്റി 20യില്‍ പ്രതീക്ഷയുണ്ടെന്നും ശ്രീനിവാസന്‍ പ്രതികരിച്ചിരിന്നു. കേരളത്തിന് തന്നെ മാത്യകയാക്കാവുന്നതാണ് ട്വന്റി 20യെന്ന് ശ്രീനിവാസന്‍ പറഞ്ഞിരിന്നു.
ബിജെപിയില്‍ അംഗത്വമെടുത്ത ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20യില്‍ അംഗത്വമെടുത്തിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടാണ് അവര്‍ക്ക് ബിജെപിയില്‍ പോകേണ്ടി വന്നതെന്നും ശ്രീനിവാസന്‍ വ്യക്തമാക്കിയിരിന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശ്രീനിവാസന്‍ പറഞ്ഞിരിന്നു.