കോവീഷീല്‍ഡിന്റെ വില 157.50 രൂപയായി കുറച്ചു; സ്വകാര്യ ആശുപത്രികളില്‍ കുത്തിവെയ്പ്പ് എടുക്കുന്നവര്‍ക്ക് കുറവ് ലഭിക്കില്ല

ന്യൂഡല്‍ഹി: കൊവിഡ് വാക്സിനായ കോവീഷീല്‍ഡിന്റെ വില കുറച്ചു. ഒരു ഡോസിന് നിലവില്‍ ഈടാക്കുന്ന 210 രൂപയില്‍ നിന്ന് 157.50 രൂപയായാണ് കുറച്ചത്. രണ്ടാംഘട്ട വാക്സിനേഷന്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വില കുറച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആസ്ട്രാനെക്കയും ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വാക്സിനാണ് കോവിഷീല്‍ഡ്.

രണ്ടാംഘട്ടത്തില്‍ 27 കോടി പേര്‍ക്കാണ് കുത്തിവയ്പ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. 150 രൂപയ്ക്ക് വാക്സിന്‍ നല്‍കാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയില്‍ മറുപടി നല്‍കി. വാക്സിന്റെ വിലയോടൊപ്പം അഞ്ചുശതമാനം ജിഎസ്ടി കൂടി ചേരുമ്പോഴാണ് വില 157.50 രൂപയാകുന്നത്.

കൊവിഡ് വാക്സിന് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ സബ്സിഡി നല്‍കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ കുത്തിവെയ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ല. കോവീഷീല്‍ഡിന്റെ വിലകുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അറിയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല.

അതേസമയം രാജ്യത്ത് കൊവിഡ് കണക്കുകള്‍ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,854 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,12,85,561 ആയി. 126 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അണുബാധയില്‍ മരിച്ചവരുടെ ആകെ എണ്ണം 1,58,189 ആയി.

പുതിയ രോഗികളില്‍ 83.76 ശതമാനവും കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇതിനു മുമ്പ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26നാണ് ഇരുപതിനായിരത്തിന് മുകളില്‍ കൊവിഡ് കണക്കുകള്‍ വന്നിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News