കൊച്ചി:മലയാള സിനിമയിലെ പ്രിയ മുൻനിര നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. അഭിനേതാവിനെക്കാൾ ഉപരി താനൊരു മികച്ച സംവിധായകനും തിരക്കഥാകൃത്തും ആണെന്ന് പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ ശ്രീനിവാസൻ തെളിയിച്ചു കഴിഞ്ഞിരുന്നു. അപ്രതീക്ഷിതമായി വന്നുചേർന്ന അസുഖത്തെ തോൽപ്പിച്ച് തിരിച്ചു വരവിന്റെ വക്കിലാണ് ശ്രീനിവാസൻ ഇപ്പോൾ. ഒരിടവേളയ്ക്കു ശേഷം അദ്ദേഹം സിനിമയിലേക്കും തിരിച്ചുവരികയാണ്. ഈ അവസരത്തിൽ സംവിധായകൻ സത്യൻ അന്തിക്കാട്, ശ്രീനിവാസനെ കുറിച്ച് എഴുതിയ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്.
പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ശ്രീനിവാസൻ സുഖം പ്രാപിച്ച് വരികയാണെന്ന് സത്യൻ അന്തിക്കാട് കുറിക്കുന്നു. ശ്രീനി പഴയ ശ്രീനിയായി മാറി. എല്ലാ അർത്ഥത്തിലും നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷം പോലും അരികിൽ നിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണെന്നും സത്യൻ അന്തിക്കാട് കുറിച്ചു.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ
ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു,”ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും”. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു. രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന’കുറുക്കൻ’ എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അർത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റൂ.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം കുറുക്കന്‍ എന്ന ചിത്രത്തിൽ ശ്രീനിവാസന്‍ അഭിനയിക്കുകയാണ്. വീണ്ടും ബിഗ് സ്ക്രീനിൽ ശ്രീനിവാസൻ എത്തുമ്പോൾ ചിത്രം കാണാനായി മലയാളികളും ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ശ്രീനിവാസനൊപ്പം മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അൻസിബ ഹസ്സൻ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.