കൊടുങ്ങല്ലൂര്‍: ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തോടനുബന്ധിച്ച് അറുപത് അടി വലുപ്പത്തില്‍ ഗുരുവിന്റെ പുഷ്പചിത്രം ഒരുക്കി ഡാവിഞ്ചി സുരേഷ്. ഒരു ടണ്‍ പൂക്കള്‍ കൊണ്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. എസ്എന്‍ഡിപി കൊടുങ്ങല്ലൂര്‍ യൂണിയന് വേണ്ടിയാണ് ഡാവിഞ്ചി സുരേഷ് ഗുരുവിന്റെ ചിത്രം തയാറാക്കിയത്.
കൊടുങ്ങല്ലൂര്‍ കനോലി കനാലിന്റെ തീരത്തുള്ള കെബി സ്റ്റാര്‍ബാര്‍ കണ്‍വെന്‍ഷന്‍ സെന്ററാണ് പുഷ്പ ചിത്രത്തിന് വേദിയായത്. ജമന്തി, ചെണ്ടുമല്ലി, അരളി, ചെത്തിപ്പൂ തുടങ്ങിയ പൂക്കളുപയോഗിച്ചാണ് വമ്പന്‍ ചിത്രം. കന്‍വെന്‍ഷന്‍ സെന്റര്‍ ഉടമ നസീര്‍ ചിത്രത്തിന് വേണ്ടിയുള്ള സ്ഥലം സൗജന്യമായി വിട്ടു നല്‍കുകയായിരുന്നു.
ഗുരുഭക്തനായ കണ്ണകി ഫ്‌ളവേഴ്‌സ് ഉടമ ഗിരീഷ് രണ്ട് ലക്ഷം രൂപയുടെ പൂക്കള്‍ സംഭാവനയായി നല്‍കി. എട്ടുമണിക്കൂറോളം സമയം ചിലവഴിച്ചാണ് ചിത്രമൊരുക്കിയത്. നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങളൊരുക്കുന്ന ഡാവിഞ്ചി സുരേഷിന്റെ എഴുപത്തിമൂന്നാമത്തെ മീഡിയമാണ് പൂക്കള്‍ കൊണ്ടുള്ള ഗുരുവിന്റെ ചിത്രം.