‘ശ്രീകണ്ഠന്റെ പ്രതികാരം’ പൂര്‍ത്തിയായി; താടി വടിച്ച് വി.കെ. ശ്രീകണ്ഠന്‍
പാലക്കാട്: വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈക്കൊണ്ട പ്രതിജ്ഞ പാലിച്ച് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍. പാലക്കാട് എം.ബി. രാജേഷിനെ പരാജയപ്പെടുത്തിയതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈക്കൊണ്ട പ്രതിജ്ഞ പാലിക്കാന്‍ ശ്രീകണ്ഠന്‍ തീരുമാനിച്ചത്. സി.പി.എം. പരാജയപ്പെടുമ്പോള്‍ താടിയെടുക്കുമെന്നായിരിന്നു ശ്രീകണ്ഠന്റെ പ്രതികാരം. എം.പി.യായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തി നേരെ ബാര്‍ബര്‍ ഷോപ്പിലേക്കാണ് ശ്രീകണ്ഠന്‍ പോയത്.
സിറ്റിങ് എം.പി എം.ബി. രാജേഷിനെ 11,637 വോട്ടിന് പരാജയപ്പെടുത്തിയാണ് ശ്രീകണ്ഠന്‍ പാലക്കാട് അട്ടിമറി വിജയം നേടിയത്. വളരെ പഴക്കമുള്ള ഒരു പ്രതികാരത്തിന്റെ കഥയാണ് ശ്രീകണ്ഠനെ സംബന്ധിച്ചിടത്തോളം ഈ വിജയത്തിനുള്ളത്. ഷാഫി പറമ്പില്‍ എംഎല്‍എ ശ്രീകണ്ഠന്റെ താടിവടിച്ച മുഖം ശ്രീകണ്ഠന്റെ പ്രതികാരം എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവച്ചു.
ശ്രീകണ്ഠന്റെ പ്രതികാര കഥ ഇങ്ങനെ, ഷൊര്‍ണൂര്‍ എസ്.എന്‍ കോളേജില്‍ ശ്രീകണ്ഠന്‍ പഠിക്കുന്ന സമയത്താണ് എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണം കോളേജില്‍ നടന്നത്. അക്രമികളിലൊരാള്‍ സോഡാക്കുപ്പി പൊട്ടിച്ച് ശ്രീകണ്ഠന്റെ മുഖത്ത് കുത്തി. ഇടതു കവിള്‍ തുളച്ച് വായ്ക്കുള്ളില്‍ വരെയെത്തി. 13 തുന്നലുകളുമായി ആശുപത്രിയിലെ ഐ.സി.യുവില്‍ ശ്രീകണ്ഠന്‍ കിടന്നു. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയിട്ടും ‘എല്‍’ ആകൃതിയില്‍ പരിക്ക് മുഖത്ത് തെളിഞ്ഞു കിടന്നു.
മുറിവിനെ മറയ്ക്കാന്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതോടെ താടി വളര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചു. മുഖത്തെ മുറിവുണങ്ങുന്നതു വരെ ഷേവ് ചെയ്യരുതെന്ന് ഡോക്ടര്‍മാരും പറഞ്ഞിരുന്നു. താടി വളര്‍ത്തിയതോടെ അത് മുഖത്തിന്റെ ഒരു ഭാഗമായി മാറി. പക്ഷേ അതോടെ മറ്റൊരു ചോദ്യം ഉയര്‍ന്നു. ‘എന്ന് താടി വടിക്കും?’ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തുടര്‍ച്ചയായി ചോദ്യം എത്തിയതോടെ ‘എന്നെ ആക്രമിച്ച പ്രസ്ഥാനത്തെ തോല്‍പ്പിക്കുന്ന അന്നുമാത്രമേ താടിയെടുക്കൂ’ എന്ന് ശ്രീകണ്ഠന്‍ പ്രഖ്യാപിച്ചു. ആ പ്രതിജ്ഞയാണ് ശ്രീകണ്ഠന്‍ ഇപ്പോള്‍ പാലിച്ചിരിക്കുന്നത്.