എന്തുകൊണ്ട് സീരിയല്‍ വിട്ടു,മാനസപുത്രിയിലെ സോഫി പറയുന്നു
കൊച്ചി മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രീകല ശശിധരന്‍. എന്റെ മാനസപുത്രി സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീകല ശശിധരന്‍. ജനപ്രിയ പരമ്പരയിലെ സോഫി എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു. മിക്ക ഹിറ്റ് സീരിയലുകളിലും നായികയായി തിളങ്ങിയ ശ്രീകല ഇടയ്ക്ക് വെച്ച് സീരിയലുകളില്‍ നിന്നും ഒരു ഇടവേളയെടുത്തിരുന്നു. വിവാഹശേഷവും അഭിനയരംഗത്ത് സജീവം ആയിരുന്നു എങ്കിലും അത്രയ്ക്ക് സജീവമായിരുന്നില്ല.
എന്നാല്‍ പിന്നീട് കുടുംബത്തിനൊപ്പം വിദേശത്തേക്ക് പോയിരുന്നു നടി. ഭര്‍ത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ട് ലണ്ടനിലേക്കാണ് നടിയും കുടുംബവും പോയത്. ശ്രീകല എന്ന പേരിനേക്കാള്‍ മാനസപുത്രിയിലെ സോഫി എന്ന് പറഞ്ഞാലാണ് കൂടുതല്‍ പേര്‍ക്കും നടിയെ ഓര്‍മ്മ വരുക. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെയായിരുന്നു ശ്രീകല അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി പരമ്പരകളില്‍ നായികയായും സഹനടിയായും ശ്രീകല അഭിനയിച്ചു. അമ്മമനസ്, സ്നേഹതീരം, ഉളളടക്കം, ദേവീ മാഹാത്മ്യം തുടങ്ങിയവയെല്ലാം നടിയുടെതായി ശ്രദ്ധിക്കപ്പെട്ട പരമ്പരകളാണ്. അതേസമയം സീരിയലില്‍ നിന്നും ഇപ്പോഴും വിട്ടുനില്‍ക്കുന്നതിന്റെ കാരണം ഒരഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു. സീരിയല്‍ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്ന് നടി പറയുന്നു.
ഒരുപാട് പേര്‍ മെസേജ് അയക്കാറുണ്ട്, എപ്പഴാ തിരിച്ചുവരുന്നേ, കണ്ടിട്ട് കുറെ കാലമായല്ലോ, വരുന്നില്ലെ എന്നൊക്കെ. തിരിച്ചുവരണം അഭിനയിക്കണം എന്നൊക്കെയാണ് എന്റെ ആഗ്രഹം. ഒന്നര വര്‍ഷം മുന്‍പാണ് ഞാനും മോനും ഇങ്ങോട്ട് വന്നത്. രണ്ട് മാസം കഴിഞ്ഞു മടങ്ങാം എന്നായിരുന്നു പ്ലാന്‍. വിപിനേട്ടന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇവിടെ തന്നെ തുടരേണ്ടി വന്നു. ഇവിടെ വന്ന ശേഷം കുറെ ഓഫറുകള്‍ വന്നു. എല്ലാം പ്രധാന വേഷങ്ങളിലേക്ക്, ഒന്നും ഏറ്റെടുത്തിട്ടില്ല. നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഭര്‍ത്താവിനും മകനുമൊപ്പമുളള കുടുംബ ജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അത് ഞാന്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്. ഞാനും മോനും കുറെക്കാലം നാട്ടില്‍ തന്നെയായിരുന്നു.
അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് എന്റെ അമ്മ മരിച്ചത്. അങ്ങനെയാണ് ഇവിടേക്ക് വരാന്‍ തീരുമാനിച്ചതും അഭിനയത്തില്‍ നിന്നും അവധി എടുത്തതും. അഭിമുഖത്തില്‍ ശ്രീകല പറഞ്ഞു. അഭിനേതാവ് എന്നതിലുപരി നര്‍ത്തകിയായും തിളങ്ങിയിരുന്നു ശ്രീകല. 2012ലായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത വീണ്ടും ജ്വാലയായ് പരമ്പരയിലും നടി വേഷമിട്ടു. 2004ല്‍ എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് സിനിമയിലും നടി എത്തിയത്. കണ്ണൂര്‍ സ്വദേശിനിയാണ് താരം. രാത്രിമഴ, കാര്യസ്ഥന്‍, ഉറുമി, നാടോടി മന്നന്‍, തിങ്കള്‍ മുതല്‍ വെളളി വരെ എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങളിലെത്തി.