KeralaNews

‘മാലയും ബൊക്കെയും കൊടുത്തോളൂ, അതിന്റെ ബില്ല് അവര്‍ക്ക് കൊടുത്തു കാശു വാങ്ങണം’: സൗജന്യ രക്ഷാപ്രവര്‍ത്തനത്തിനെതിരെ കുറിപ്പ്

കോട്ടയം: കീവില്‍ റഷ്യന്‍ സേനയുടെ ആക്രമണം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും കീവില്‍ ആക്രമണം ശക്തമാവുകയാണ്. ഉക്രൈനില്‍ കുടുങ്ങിയ, മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ കേന്ദ്രസര്‍ക്കാര്‍ ഘട്ടം ഘട്ടമായി സുരക്ഷിതമായി രാജ്യത്തെത്തിക്കുകയാണ്. ഓപ്പറേഷന്‍ ഗംഗ എന്ന് പേരിട്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തന പദ്ധതി വിജയകരമായി മുന്നോട്ട് പോവുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ മുതിര്‍ന്ന മന്ത്രിമാരെ തന്നെ ഉക്രൈന്റെ അയല്‍ രാജ്യങ്ങളില്‍, ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ ഗംഗ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ വേണ്ടി നിയോഗിച്ചു. ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സൗജന്യമായാണ് കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിക്കുന്നത്. ഇത്തരത്തില്‍ ഇവരെ സൗജന്യമായി നീട്ടിലെത്തിക്കുന്നതിനെതിരെ വൈക്കം ശ്രീജിത്ത് പണിക്കര്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഈ എലൈറ്റ് ക്ലാസ്സിന് സാധാരണ മനുഷ്യരുടെ കീശയില്‍ നിന്നും ഉള്ള നികുതിപ്പണത്തിന്റെ സൗജന്യങ്ങള്‍ നല്‍കുന്നത് എന്തിനാണെന്ന ചോദ്യമാണ് ഇദ്ദേഹം ഉയര്‍ത്തുന്നത്. ഒരു യൂറോപ്പ്യന്‍ രാജ്യത്ത് ഉപജീവനം നടത്താന്‍ പോകുന്നവര്‍ ആരും തന്നെ സാധാരണക്കാര്‍ അല്ലെന്നും കൂടുതലും, വിദഗ്ധരും ഇന്ത്യയില്‍ ലഭിക്കുന്നതിന്റെ പതിന്മടങ്ങ് ഉയര്‍ന്ന വരുമാനവും, സാമ്പത്തിക നേട്ടത്തിനും പോകുന്നവര്‍ ആണെന്നും ചൂണ്ടിക്കാണിക്കുന്ന ശ്രീജിത്ത്, എന്തിനാണ് ഇത്തരക്കാര്‍ക്ക് സൗജന്യ സൗകര്യങ്ങള്‍ സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്നതെന്നും വിമര്‍ശിക്കുന്നു. സാധാരണക്കാരായ ജനങ്ങള്‍ ഈ കോവിഡ് കാലത്ത് ദുരിതങ്ങളില്‍ കൂടി കടന്നു പോകുമ്പോള്‍, അവരുടെ പണം ‘ക്ലാസ്’ മനുഷ്യര്‍ക്ക് വേണ്ടി ഫ്രീ സര്‍ക്കാരുകള്‍ നല്‍കുന്നത് എന്തിനാണെന്ന് ശ്രീജിത്ത് ചോദിക്കുന്നു.

‘നമ്മുടെ പൗരന്മാര്‍ ആണ്. അവരെ രക്ഷിച്ചുകൊണ്ടു വരുക എന്നത് നല്ല കാര്യം. നിങ്ങള്‍ മാല കൊടുത്തോളു, ബൊക്കെ കൊടുത്തോളൂ. അതിന്റെ ബില്ല് അവര്‍ക്ക് കൊടുത്തു കാശു വാങ്ങണം. അത് കേന്ദ്ര സര്‍ക്കാര്‍ ആണെങ്കിലും, കേരള സര്‍ക്കാര്‍ ആണെങ്കിലും. അര്‍ഹത ഇല്ലാത്തവര്‍ക്ക് കൊടുക്കുന്ന ഈ സൗജന്യം അടിയന്തിരം ആയി നിര്‍ത്തലാക്കണം’, അദ്ദേഹം ആവശ്യപ്പെടുന്നു.

വൈക്കം ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്:

പറയാതെ വയ്യ

എന്നോടുന്നും തോന്നരുത്. എനിക്കിത് പറയാതെ വയ്യ. ഒരു യൂറോപ്പ്യന്‍ രാജ്യത്ത് ഉപജീവനം നടത്താന്‍ പോകുന്നവര്‍ ആരും തന്നെ സാധാരണക്കാര്‍ അല്ല. കൂടുതലും വിദഗ്ധരും, ഇന്ത്യയില്‍ ലഭിക്കുന്നതിന്റെ പതിന്മടങ്ങ് ഉയര്‍ന്ന വരുമാനവും, സാമ്പത്തിക നേട്ടത്തിനും പോകുന്നവര്‍ ആണ്. ഇവരിലെ പലരും പറ്റിയാല്‍ ആ രാജ്യത്തിന്റെ പൗരത്വം ഒക്കെ സ്വീകരിച്ചു അവിടെ പില്‍ക്കാലം കഴിയുന്നവരും ആണ്. ഇവരാരും അഞ്ചു പൈസ ഇന്ത്യന്‍ സര്‍ക്കാരിന് ടാക്‌സ് കൊടുക്കാത്തവര്‍ ആണ്. ഇന്ത്യയുടെ വിദേശ നാണ്യ റെമിറ്റന്‍സില്‍ ബഹുഭൂരിഭാഗം ബ്ലൂ (തൊഴിലാളി ക്ലാസ്സ്) കോളര്‍ ജോലിയില്‍ ഉള്ള സാധാരണക്കാരായ മനുഷ്യരുടെ പണം ആണ്. ഗള്‍ഫിലും മറ്റും നക്കാപിച്ചയ്ക്ക് ”ബംഗാളികളേക്കാള്‍” കഷ്ട്ടം ജോലി ചെയ്യുന്ന, കുടുംബം നാട്ടിലുള്ള മനുഷ്യരുടെ ആണ്.

ഒരു സാധാരണക്കാരന്റെ കുട്ടികള്‍ക്കും യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ പഠനത്തിന് പോകാന്‍ സാധിക്കുകയില്ല. ലക്ഷക്കണക്കിന് രൂപ ഫീസ് യൂറോയിലും, ഡോളറിലും കൊടുക്കുകയും, മാസാമാസം ഉള്ള ഭാരിച്ച ചിലവും യൂറോയിലും, ഡോളറിലും കൊടുക്കാന്‍ കെല്‍പ്പുള്ളവര്‍ ആണ് അവിടെ പഠിക്കാന്‍ പോകുന്നവര്‍. വിദ്യാര്‍ത്ഥികള്‍ എന്ന ലേബലില്‍ അവിടെ പഠനത്തിന് പോയ ഈ കുട്ടികളില്‍ ബഹുഭൂരിഭാഗവും കഷ്ട്ടപെട്ടു പഠിക്കാന്‍ തയ്യാറാവാതെ, പഠിച്ചിട്ടും റാങ്കില്‍ കയറിപ്പറ്റാന്‍ കഴിയാതെ മറ്റു കോഴ്‌സുകളില്‍ പോയ സാധാരണക്കാരായ മനുഷ്യരുടെ മക്കളെ പിന്തള്ളി അപ്പന്റെയും, അമ്മയുടെയും പണത്തിന്റെ ബലത്തില്‍ മെഡിക്കല്‍ കോഴ്‌സ് അഡ്മിഷന്‍ നേടി പോയവരല്ലേ ?? അടിയന്തിര ഘട്ടത്തില്‍ ആണെങ്കിലും ഇത്തരക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കുന്നത് എന്തുകൊണ്ട് എന്നെനിക്ക് മനസ്സിലാകുന്നില്ല

ഒരു രാജ്യം പൗരന്മാരെ രക്ഷിക്കുന്നത് മനസ്സിലാക്കാം, എന്തിന് ഈ എലൈറ്റ് ക്ലാസ്സിന് സാധാരണ മനുഷ്യരുടെ കീശയില്‍ നിന്നും ഉള്ള നികുതിപ്പണത്തിന്റെ സൗജന്യങ്ങള്‍ നല്‍കുന്നു ?? ഇവര്‍ക്കായി എന്തിനു സൗജന്യ വിമാനം , സൗജന്യ കാര്‍ ഒക്കെ സര്‍ക്കാര്‍ നല്‍കുന്നു ? സാധാരണക്കാരായ ജനങ്ങള്‍ ഈ കോവിഡ് കാലത്ത് ദുരിതങ്ങളില്‍ കൂടി കടന്നു പോകുകയാണ്. അവരുടെ പണം ആണ് ഈ ”ക്ലാസ്” മനുഷ്യര്‍ക്ക് കയ്യടിക്കു വേണ്ടി ഫ്രീ ആയി നമ്മുടെ സര്‍ക്കാരുകള്‍ നല്‍കുന്നത്. നമ്മുടെ പൗരന്മാര്‍ ആണ്. അവരെ രക്ഷിച്ചുകൊണ്ടു വരുക എന്നത് നല്ല കാര്യം. നിങ്ങള്‍ മാല കൊടുത്തോളു, ബൊക്കെ കൊടുത്തോളൂ. അതിന്റെ ബില്ല് അവര്‍ക്ക് കൊടുത്തു കാശു വാങ്ങണം. അത് കേന്ദ്ര സര്‍ക്കാര്‍ ആണെങ്കിലും, കേരള സര്‍ക്കാര്‍ ആണെങ്കിലും. അര്‍ഹത ഇല്ലാത്തവര്‍ക്ക് കൊടുക്കുന്ന ഈ സൗജന്യം അടിയന്തിരം ആയി നിര്‍ത്തലാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ടാക്‌സ് കൊടുക്കുന്ന, ഇന്ത്യയില്‍ ജീവിക്കാന്‍ തീരുമാനം എടുത്ത പൗരന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button