പാകിസ്ഥാനു വേണ്ടി ചാരപ്രവൃത്തി; തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി; രാജസ്ഥാന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍; പഞ്ചാബിലും ഒരാള്‍ പിടിയില്‍

ജയ്സാല്‍മീര്‍: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ രാജസ്ഥാന്‍ തൊഴില്‍ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ഷക്കൂര്‍ ഖാന്‍ അറസ്റ്റിലായി. ഇയാള്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ ഏറെക്കാാലമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനുമായി ബന്ധമുള്ള വ്യക്തികളുമായി ഇയാള്‍ ബന്ധപ്പെട്ടതായി പൊലീസ് പറയുന്നു. ഹൈക്കമ്മീഷനിലുള്ള അസാനുര്‍ റഹീം, സുഹൈല്‍ ഖമര്‍ എന്നിവരുമായി ഇയാള്‍ക്ക് ഏറെ അടുപ്പമുള്ളതായി ഇന്‍സ്പെക്ടര്‍ ജനറല്‍ വിഷ്ണു കാന്ത് ഗുപ്ത പറഞ്ഞു.

അസാനുര്‍ റഹീമിന്റെ സഹായത്തോടെ വിസ സമ്പാദിച്ച് ഷക്കൂര്‍ ഖാന്‍ പലതവണ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നതായും കണ്ടെത്തി. സന്ദര്‍ശന വേളയില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റുമാരുമായി ഖാന്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിക്കുകയും വാട്ട്‌സ്ആപ്പ് വഴി പാക്കിസ്ഥാനിലുള്ളവര്‍ക്ക് കൈമാറുകയും ചെയ്തു. ഷക്കൂര്‍ ഖാന്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രി ഷാളെ മുഹമ്മദിന്റെ പേഴ്സണല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നതായും വിവരമുണ്ട്.

അതിനിടെ പാക്കിസ്ഥാനായി അഞ്ച് വര്‍ഷമായി ചാരപ്രവൃത്തി നടത്തിയ സംഭവത്തില്‍ പഞ്ചാബില്‍ ഒരാള്‍ പിടിയിലായി. തരന്‍ താരന്‍ സ്വദേശി ഗഗന്‍ ദീപ് സിങ് അറസ്റ്റിലായത്. ചാര പ്രവര്‍ത്തിയ്ക്കായി ഇയാള്‍ക്ക് പണം ലഭിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനിടെ സൈന്യത്തിന്റെ നീക്കങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങടക്കം ഇയാള്‍ കൈമാറിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകള്‍ക്കാണ്(പിഐഒ) ഇയാള്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇതു സംബന്ധിച്ച തെളിവുകളടങ്ങിയ ഒരു മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു.

പ്രതി പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) യുമായി ബന്ധപ്പെട്ടിരുന്നുവെന്നും തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതിനായി പണം സ്വീകരിച്ചതായും പൊലീസ് പറഞ്ഞു. തരന്‍ താരന്‍ പൊലീസിന്റെയും പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെയും സംയുക്ത ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ തരത്തില്‍ സൈനിക നീക്കങ്ങളും തന്ത്രപ്രധാന സ്ഥലങ്ങളും ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങളുടെ വിവരങ്ങള്‍ പ്രതി കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഖലിസ്ഥാന്‍ അനുഭാവിയായ ഗോപാല്‍ സിംഗ് ചൗളയുമായി ഗഗന്‍ദീപ് ബന്ധപ്പെട്ടിരുന്നുവെന്നും,ഇയാള്‍ വഴിയാണ് പിഐഒകളുമായി ബന്ധത്തിലാകുന്നതെന്നും പൊലീസ് പറഞ്ഞു. പിഐഒകളുമായി പങ്കിട്ട രഹസ്യ വിവരങ്ങള്‍ അടങ്ങിയ ഒരു മൊബൈല്‍ ഫോണില്‍ 20 ലധികം ഐഎസ്ഐ കോണ്‍ടാക്റ്റുകളുടെ വിശദാംശങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News