CrimeKeralaNews

മാധ്യമപ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; അലൻസിയറിനെതിരെ പൊലീസിൽ പരാതി

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടൻ അലൻസിയറിനെതിരെ പൊലീസിൽ പരാതി നൽകി. റൂറൽ എസ് പി ഡി. ശില്പയ്ക്കാണ് പരാതി നൽകിയത്. മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. റിപ്പോർട്ടർ ചാനലിലെ മാധ്യമ പ്രവർത്തകയോടാണ് അലൻസിയർ അപമര്യാദയായി പെരുമാറിയത്.

ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറിന്‍റെ പരാമര്‍ശം വിവാദമായിരുന്നു. പരാമർശത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്നാണ് അലൻസിയറിന്‍റെ നിലപാട്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. തന്റെ സംസാരത്തിൽ അങ്ങനെ വന്നിട്ടുണ്ടാകാമെന്നും, ആൺ രൂപത്തിലുള്ള പ്രതിമ കിട്ടണമെന്ന് ആഗ്രഹിച്ച് പറഞ്ഞതാണെന്നും അലൻസിയർ പറഞ്ഞിട്ടുണ്ട്.

അലൻസിയറിന്‍റെ പ്രതികരണത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിൽ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു മാധ്യമപ്രവർത്തകയോട് അലൻസിയർ അപമര്യാദയായി പെരുമാറിയത്.

അലൻസിയറിന്‍റെ പരാമർശം പുരുഷാധിപത്യ ബോധത്തിന്റെ ബഹിർസ്ഫുരണമാണെന്നാണ് മന്ത്രി ആർ ബിന്ദു പ്രതികരിച്ചത്. പരാമർശം ശുദ്ധവിവരക്കേടെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും പ്രതികരിച്ചു. അലൻസിയറിന്‍റെ വൈകൃതമാണ് പുറത്ത് വന്നത്. അലൻസിയർ സ്ത്രീവിരുദ്ധത ആവർത്തിച്ചാൽ സ്ത്രീ സമൂഹം തെരുവിൽ ഇറങ്ങേണ്ടിവരുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അലൻസിയറിന്‍റെ പ്രസ്താവന അപലപനീയമെന്നായിരുന്നു വനിതാ കമ്മീഷന്റെ പ്രതികരണം. പരാമർശം സാംസ്കാരിക കേരളത്തിന് നിരക്കാത്തതതാണ്. ചലച്ചിത്രമേഖലയ്ക്ക് അവഹേളനം ഉണ്ടാക്കുന്ന നടപടിയാണെന്നും വനിതാ കമ്മീഷൻ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker