തിരുവനന്തപുരം: ഗവര്‍ണറുടെ അപ്രീതിക്ക് കാരണമായ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രസംഗം ഈ മാസം 18 ന് നടന്ന പൊതുപരിപാടിയില്‍. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
താന്‍ എസ്എഫ്‌ഐ അഖിലേന്ത്യാപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് മിഡ്‌നാപ്പൂര്‍ സമ്മേളനത്തിലാണ്. അവിടുന്ന് കേരളത്തിലേക്ക് വരാതെ നേരെ പോയത് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലേക്കാണ്. അവിടെ പോകാന്‍ കാരണം അവിടെ വെടിവെപ്പു നടന്നു.
അഞ്ചു വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊന്നു. വെടിവെച്ചത് ആരാണെന്ന് അറിയുമോ. വൈസ് ചാന്‍സലറുടെ സെക്യൂരിറ്റി ഗാര്‍ഡാണ്. വൈസ് ചാന്‍സലര്‍ക്ക് 50 മുതല്‍ 100 വരെ സെക്യൂരിറ്റി ഗാര്‍ഡുണ്ട് യുപിയിലെ ബനാറസ് സര്‍വകലാശാലയില്‍. അവിടുത്തെ പല സര്‍വകലാശാലകളിലും അങ്ങനെയാണ്.
ഇങ്ങനെയുള്ള സര്‍വകലാശാലകള്‍ നടക്കുന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക്, കേരളത്തിലെ സര്‍വകലാശാലകളെപ്പറ്റി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ എല്ലാ മേഖലയില്‍ നിന്നുമുള്ള ആളുകള്‍ പങ്കെടുക്കുന്ന, വളരെ ജനാധിപത്യപരമായി, അക്കാദമി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, വലിയ മാറ്റമുണ്ടാക്കുന്ന ജനകീയമായ സംവിധാനങ്ങളാണ്.
സര്‍വകലാശാലകളെ അതിന്റെ ജനാധിപത്യത്തെ ഉള്‍ക്കൊള്ളുവാനും ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തേക്കാളും വികസിതമായ പല നേട്ടങ്ങളുമുള്ള സ്ഥലമെന്ന നിലയില്‍ നമ്മുടെ വിദ്യാഭ്യാസത്തെ, വിവിധ തരത്തിലുള്ള ആളുകളുടെ പങ്കാളിത്തത്തെ ശക്തിപ്പെടുത്താനുള്ള ഏറ്റവും വലിയ ശ്രമം നടക്കേണ്ട ഘട്ടത്തിലാണെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറയുന്നു.
ധനമന്ത്രിയുടെ ഈ പ്രസംഗത്തിന്റെ പരിഭാഷ ഗവര്‍ണര്‍ കേട്ടിരുന്നു. ഇതിനുപിന്നാലെയാണ് ധനമന്ത്രിയില്‍ തനിക്ക് അപ്രീതിയുണ്ടെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും, മന്ത്രിയുടെ പ്രസംഗം രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്‌തെന്നും, രാജ്യത്തിന്റെ ഐക്യത്തിന് വെല്ലുവിളിയാണെന്നും ഗവര്‍ണര്‍ കത്തില്‍ ആരോപിക്കുന്നു.