24.6 C
Kottayam
Sunday, May 19, 2024

ഇംഗ്ലണ്ടിനെ അട്ടിമറിച്ചു,അയർലൻഡിന് ലോകകപ്പിൽ ജയം

Must read

മെൽബൺ: ട്വന്റി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ‘ചതിച്ച്’ മഴ. അയർലൻഡിന്റെ പോരാട്ടവീര്യത്തെ അവസാന ഓവറുകളിലെ ആളിക്കത്തലിലൂടെ മറികടക്കാമെന്ന ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകൾ മഴയിൽ ‌കുതിർന്നതോടെ, അയർലൻഡിന് ഓസീസ് ലോകകപ്പിലെ ആദ്യ ജയം.

ഇംഗ്ലണ്ടിന് ആദ്യ തോൽവിയും. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡ് 19.2 ഓവറിൽ 157 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 14.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഈ സമയം ഇംഗ്ലണ്ട് ആവശ്യമായതിലും അഞ്ച് റൺസ് പിന്നിലായിരുന്നു. മത്സരം തുടരാനാകില്ലെന്ന് വ്യക്തമായതോടെ അയർലൻഡിന് ആവേശ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡിന് ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ആൻഡ്രൂ ബാൽബിർണിയുടെ അർധസെഞ്ചറിയാണ് മികച്ച സ്കോർ സമ്മാനിച്ചത്. 47 പന്തുകൾ നേരിട്ട ആൻഡ്രൂ, അഞ്ച് ഫോറും രണ്ടു സിക്സും സഹിതം നേടിയത് 62 റൺസ്. വിക്കറ്റ് കീപ്പർ ബാറ്റർ ലോർകൻ ടക്കർ 27 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 34 റൺസെടുത്തു.

ഒരു ഘട്ടത്തിൽ 11.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന നിലയിലായിരുന്ന അയർലൻഡ് കൂറ്റൻ സ്കോർ കുറിക്കുമെന്ന് തോന്നിച്ചെങ്കിലും, അവസാന ഓവറുകളിൽ മുറുക്കമാർന്ന ബോളിങ്ങിലൂടെ ഇംഗ്ലിഷ് ബോളർമാർ ഐറിഷ് പടയെ 157 റൺസിൽ ഒതുക്കുകയായിരുന്നു.

ഐറിഷ് നിരയിൽ ബാൽബിർണിക്കും ടക്കറിനും പുറമെ രണ്ടക്കം കണ്ടത് ഓപ്പണർ പോൾ സ്റ്റർലിങ് (എട്ടു പന്തിൽ 14), കർട്ടിസ് കാംഫർ (11 പന്തിൽ 18), ഗാരത് ഡെലാനി (10 പന്തിൽ 12) എന്നിവർ മാത്രം. ഇംഗ്ലണ്ടിനായി ലിയാം ലിവിങ്സ്റ്റൺ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങിയും മാർക്ക് വുഡ് നാല് ഓവറിൽ 34 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. സാം കറൻ മൂന്ന് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഡേവിഡ് മലാൻ (37 പന്തിൽ 35), മൊയീൻ അലി (12 പന്തിൽ പുറത്താകാതെ 24), ഹാരി ബ്രൂക് (21 പന്തിൽ 18) എന്നിവരാണ് തിളങ്ങിയത്. അതേസമയം, ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ജോസ് ബട്‍ലർ (0), അലക്സ് ഹെയ്‍ൽസ് (7), ബെൻ സ്റ്റോക്സ് (6) എന്നിവർക്ക് തിളങ്ങാനാകാതെ പോയത് അവർക്ക് തിരിച്ചടിയായി. ലിവിങ്സ്റ്റൺ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

മഴ തടസ്സപ്പെടുത്തും മുൻപേ 15–ാം ഓവറിൽ ഗാരത് ഡെലാനിക്കെതിരെ മൊയീൻ അലി മൂന്നു പന്തിൽ 12 റൺസ് നേടിയിരുന്നു. ഒരു സിക്സും ഫോറും സഹിതമായിരുന്നു ഇത്. മൂന്നു പന്തുകൾ എറിഞ്ഞതിനു പിന്നാലെ മഴയെത്തിയതാണ് ഇംഗ്ലണ്ടിന് തിരി‍ച്ചടിയായത്. മൂന്ന് ഓവറിൽ 16 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ജോഷ്വ ലിറ്റിലാണ് അയർലൻഡിനായി തിളങ്ങിയത്. ബാരി മക്കാർത്തി, ഫിൻ ഹാൻഡ്, ജോർഡ് ഡോക്‌റെൽ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week