തിരുവനന്തപുരം: മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച്ച (20ന്) പുറപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. പഞ്ചാബ്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒറീസ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.
ഒരു സംസ്ഥാനത്തു നിന്നും അല്ലെങ്കില്‍ ഒരു പ്രത്യേക സ്റ്റേഷനില്‍ നിന്നും 1200 യാത്രക്കാര്‍ ആകുന്ന മുറയ്ക്കാണ് റെയില്‍വെ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നത്. പുറപ്പെടുന്ന സംസ്ഥാനത്ത് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ആവശ്യമെങ്കില്‍ ഒരു സ്റ്റോപ്പുകൂടി അനുവദിക്കണമെന്ന് റെയില്‍വേയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍ യാത്രാ സൗകര്യം ഉറപ്പുവരുത്താന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്.
യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് registernorkaroots.org എന്ന സൈറ്റിലുള്ള ലിങ്ക് ഉപയോഗിച്ച് ടിക്കറ്റ് ചാര്‍ജ് ഓണ്‍ലൈനായി നല്‍കാം. ഇപ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ട്രെയിന്‍ യാത്ര തീരുമാനിച്ചുകഴിഞ്ഞാല്‍ വിശദാംശങ്ങള്‍ ഫോണ്‍ സന്ദേശമായി ലഭിക്കും. ഇത് സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്നതിനുള്ള പാസ്സായും കണക്കാക്കും.
വിദേശരാജ്യങ്ങളില്‍ നിന്നും വിമാനയാത്രവഴിയും കപ്പല്‍ യാത്രവഴിയും ഇതുവരെയായി 5815 പേരാണ് നാട്ടിലേയ്ക്ക് തിരിച്ചെത്തിരിക്കുന്നത്. ജൂണ്‍ രണ്ടു വരെ 38 വിമാനങ്ങള്‍ സംസ്ഥാനത്തേയ്ക്ക് വിദേശത്തുനിന്നും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎഇയില്‍ നിന്നും എട്ട് വിമാനങ്ങളും ഒമാനില്‍ നിന്നും ആറ് വിമാനങ്ങളും സൗദി അറേബ്യയില്‍ നിന്നും നാലു വിമാനങ്ങളും ഖത്തറില്‍ നിന്നും മൂന്നും കുവൈറ്റില്‍ നിന്നും രണ്ടും വിമാനങ്ങള്‍ കേരളത്തിലെത്തും.
ബഹ്‌റൈന്‍, ഫിലിപൈന്‍സ്, മലേഷ്യ, യുകെ, യുഎസ്എ, ആസ്‌ട്രേലിയ, ഫ്രാന്‍സ്, ഇന്തോനേഷ്യ, അര്‍മേനിയ, താജിക്കിസ്ഥാന്‍, ഉക്രയിന്‍, അയര്‍ലാന്റ്, ഇറ്റലി, റഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോ വിമാനങ്ങളും കേരളത്തിലെത്തും. 6530 യാത്രക്കാര്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നോര്‍ക്ക റൂട്ട്‌സ് പ്രവാസി, വിദ്യാര്‍ത്ഥി തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് നല്‍കി വരുന്ന ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ പൂര്‍ണ്ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പരിരക്ഷ ലഭിക്കുക. അപകടമരണം സംഭവിച്ചാല്‍ നല്‍കിവരുന്ന ഇന്‍ഷുറന്‍സ് ആനുകൂല്യം രണ്ട് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമായും അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കുള്ള ആനുകൂല്യം ഒരു ലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷമായും വര്‍ദ്ധിക്കും. ആനുകൂല്യം ഇരട്ടിയാക്കിയെങ്കിലും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ അപേക്ഷ ഫീസ് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.