കോഴിക്കോട്: ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ ഇരയുടെ അമ്മയുടെ പേര് വെളിപ്പെടുത്തി കേസിൽ പ്രതിയായ കോഴിക്കോട് സ്വദേശിനി അഞ്ജലി റിമദേവ്. ഇരയെ തിരിച്ചറിയുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ലെങ്കിലും തന്റെ നിസ്സഹായതകൊണ്ടാണ് കാര്യങ്ങൾ തുറന്നുപറയുന്നതെന്നാണ് ഓഡിയോ സന്ദേശത്തിൽ അഞ്ജലി വിശദീകരിക്കുന്നത്.
പ്രായപൂർത്തിയാവാത്ത മകളെയുംകൂട്ടി അവർ പല ബാറുകളിലും പോയിട്ടുണ്ടെന്നും തനിക്കൊപ്പവും വന്നിട്ടുണ്ടെന്നും അഞ്ജലി ആരോപിക്കുന്നു. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലെ ഡി.ജെ. പാർട്ടിക്കായി മകളെയുംകൂട്ടി അവർ സ്വമേധയാ എത്തുകയായിരുന്നു. ഷൈജു തങ്കച്ചനും താനുമായുള്ള സ്വകാര്യയാത്രയിലും അവർ വന്നു.
തന്റെ ഓഫീസിലെ ജീവനക്കാരുടെയും കക്ഷികളുടെയും വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ എടുത്തുകൊണ്ടുപോയി. മൂന്നുമാസമായി പരാതിക്കാരിയായ അമ്മയും പിന്നീട് അവരുടെ അഭിഭാഷകനും തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തന്നെ കുടുക്കാൻ പോകുന്നുവെന്ന് അവരുടെ മകൾതന്നെ വാട്സാപ്പിൽ ശബ്ദസന്ദേശം അയച്ചിട്ടുണ്ടെന്നും അഞ്ജലി ആരോപിക്കുന്നു. റോയ് വയലാട്ടിലിന്റെ നമ്പർപോലും തന്റെ കൈയിലില്ലെന്ന് പറഞ്ഞ അഞ്ജലി അയാളെ തനിക്കറിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് പിന്നീട് ഫേസ്ബുക്ക് വീഡിയോയിലൂടെ വിശദീകരിച്ചു. പോലീസ് തിരയുന്ന ഇവർ സാമൂഹികമാധ്യമങ്ങളിൽ സജീവമാണ്. ഫോണും പ്രവർത്തിക്കുന്നുണ്ട്.
നമ്പർ-18 ഹോട്ടലിൽ സെലിബ്രിറ്റികൾ ഉൾപ്പെടെ പങ്കെടുത്ത ലഹരിപാർട്ടിയുടെ വീഡിയോ തന്റെ കൈയിലുള്ളതുകൊണ്ടാണ് അഞ്ജലി റിമദേവ് തന്നെ ഭയക്കുന്നതെന്ന് പോക്സോ കേസിലെ പരാതിക്കാരി.
അഞ്ജലി തന്നെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭീഷണി സന്ദേശയമയച്ച് പിന്നാലെ അത് ഡിലീറ്റ് ചെയ്യും. നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിൽ തന്നെ സ്കെച്ച് ചെയ്തിട്ടുണ്ടെന്ന് ഒരിക്കൽ അഞ്ജലി പറഞ്ഞിട്ടുണ്ട്. അഞ്ജലിയുടെ ലഹരി ഇടപാടുകൾ തന്റെ തലയിൽ കെട്ടിവെക്കാൻ അവരുടെ അമ്മാവൻ ശ്രമം നടത്തി. പോലീസ് അഞ്ജലിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചു തുടങ്ങിയപ്പോൾ തനിക്കുവേണ്ടിയാണ് മയക്കുമരുന്ന് കൊണ്ടുവരുന്നതെന്നും താനാണ് പണം മുടക്കുന്നതെന്നും പറഞ്ഞ് രക്ഷപ്പെടാമെന്ന് ഒരിക്കൽ അഞ്ജലിയോട് അമ്മാവൻ പറഞ്ഞിട്ടുണ്ട്.
ജീവൻ അപായപ്പെടുത്തുമെന്ന ഭയമുണ്ട്. ഹോട്ടലിൽനിന്ന് രക്ഷപ്പെട്ടതുകൊണ്ടാണ് ഇവിടെ വന്ന് കാര്യങ്ങൾ പറയാൻ കഴിയുന്നത്. അഞ്ജലി വലിയ ലഹരി ഇടപാടുകാരിയാണ്. അതിലൂടെ ധാരാളം പണവും സമ്പാദിച്ചിട്ടുണ്ട്. അതുകൊണ്ട് അവർക്ക് സംരക്ഷണം നൽകാൻ ആളുണ്ടാവും. അഞ്ജലിയെ എത്രയുംപെട്ടെന്ന് അറസ്റ്റുചെയ്തില്ലെങ്കിൽ അവർ ഒളിയിടത്തിൽനിന്ന് മുഴുവൻ ഇരകളുടെയും വിവരങ്ങൾ പുറത്തുവിടും.
സാമൂഹിക മാധ്യമങ്ങളിലൂടെ ഒളിഞ്ഞിരുന്ന് അവർ വ്യാജകഥകൾ മെനയുകയാണ്. പക്ഷേ, എല്ലാ തെളിവുകളോടും കൂടിയാണ് താൻ പരാതി നൽകിയത്. തിരിച്ച് മാധ്യമങ്ങളിലൂടെ ആരോപണങ്ങളുന്നയിച്ച് വ്യക്തിഹത്യ നടത്താൻ താത്പര്യമില്ല. നിയമപരമായാണ് മുന്നോട്ടുപോവുന്നത്.
ഹോട്ടലിലെ വീഡിയോ പകർത്തിയതും യൂട്യൂബർ എന്നനിലയിലാണ്. ഭീഷണിപ്പെടുത്താനല്ല. അഞ്ജലിയുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല.
താൻ കേസിലെ വെറുമൊരു പരാതിക്കാരിയല്ല. ഇരയാക്കപ്പെട്ട പെൺകുട്ടികൾക്കു വേണ്ടിയാണ് സംസാരിക്കുന്നത്. സൈജു തങ്കച്ചന്റെ ഫോണിൽനിന്ന് അഞ്ജലിക്കെതിരായ തെളിവുകൾ ലഭിച്ചതോടെ പോലീസ് അവരെ ചോദ്യംചെയ്തിരുന്നു. തന്റെ മുന്നിൽവെച്ചാണ് പോലീസ് കാര്യങ്ങൾ ചോദിച്ചത്. ഈ സംഭവത്തിനുശേഷവും അഞ്ജലി അവരുടെ സ്ഥാപനത്തിലേക്ക് കൂടുതൽ പെൺകുട്ടികളെ നിയമിക്കാൻ ശ്രമം നടത്തി. അവരെ കെണിയിൽപ്പെടുത്തുമെന്ന് സംശയം തോന്നിയതുകൊണ്ടാണ് കോഴിക്കോട് സിറ്റിപോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. സിറ്റിപോലീസ് കമ്മിഷണറെ അറിയിച്ച ശേഷമാണ് ജോലിയിൽ തുടർന്നതെന്നും പരാതിക്കാരി പറഞ്ഞു.
ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചതായി കൊച്ചി സിറ്റി ഡി.സി.പി. വി.യു. കുര്യാക്കോസ്. ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി. ബിജി ജോർജിന്റെ നേതൃത്വത്തിലുള്ളതാണ് സംഘം.
പെൺകുട്ടിയെ കാറിൽ ഹോട്ടലിലെത്തിച്ച സൈജു തങ്കച്ചനെ ചോദ്യംചെയ്തു. ആരോഗ്യ കാരണങ്ങളാൽ ഹോട്ടലുടമ റോയി ജെ. വയലാട്ട് ചോദ്യംചെയ്യലിന് ഹാജരായിട്ടില്ല. പ്രതികളുടെ അറസ്റ്റ് വൈകിയിട്ടില്ലെന്നും ബുധനാഴ്ച മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായശേഷം തുടർനടപടിയുണ്ടാകുമെന്നും ഡി.സി.പി. കൂട്ടിച്ചേർത്തു