കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ വധ ശിക്ഷയാണ് പൊതുജനം ആഗ്രഹിക്കുന്നതെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ്. നിയമപരമായ ബാധ്യതയാണ് താന്‍ നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്കല്‍ പൊലീസ് നടത്തിയ ശക്തമായ അന്വേഷണത്തെയും അദ്ദേഹം അഭിനന്ദിച്ചു.
‘സൂരജ് പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ട്. താന്‍ ഇതുവരെ ഒരു കേസിലും വധശിക്ഷയ്ക്ക് വേണ്ടി വാദിച്ചിട്ടില്ല. ഇതാദ്യമായാണ് കോടതിയില്‍ അത്തരമൊരു കാര്യം ആവശ്യപ്പെടുന്നത്. ജീവിതത്തില്‍ ആദ്യമായാണ് സൂരജിനെപ്പോലെ ഒരു ക്രിമിനലിനെ പരിചയപ്പെടുന്നത്’- ജി മോഹന്‍രാജ് പറഞ്ഞു.
വൈകാരികതയ്ക്കപ്പുറം നിയമപരമായ ഒരു ബാധ്യത കൂടി തനിക്ക് ഈ കേസിലുണ്ട്. വധശിക്ഷയുടെ ശരി തെറ്റുകളക്കുറിച്ചുള്ള വ്യക്തിപരമായ ഒരു അഭിപ്രായങ്ങളും ഇതിലില്ലെന്നും സമൂഹത്തിന്റെ കളക്ടീവ് ആയിട്ടുളള ആവശ്യം മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഉത്ര വധക്കേസില്‍ പൊലീസിന്റെ അന്വേഷണ രീതി തുടക്കം മുതല്‍ മികച്ചതാണ്. വളരെ സൂക്ഷ്മതയോടും കൃത്യതയോടും കൂടിയാണ് അന്വേഷണം നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ അന്വേഷണം മോശമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷാവിധി അല്‍പസമയത്തിനകം പ്രഖ്യാപിക്കും. ഉത്രയുടെ പിതാവ് വിജയസേനനും സഹോദരന്‍ വിഷുവും കോടതിയിലെത്തി. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉത്രയുടെ കുടുംബം. ‘സമൂഹത്തിന് മാതൃകയാകേണ്ട ശിക്ഷയാവണം പ്രതിക്ക് കൊടുക്കേണ്ടത്. എങ്കില്‍ മാത്രമേ ഇനി ഇത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. മകള്‍ക്ക് നീതി കിട്ടണം’. ഉത്രയുടെ അമ്മ മണിമേഖല പറഞ്ഞു.
പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഉത്രയുടെ സഹോദരന്‍ വിഷുവും പ്രതികരിച്ചു. ‘ചെയ്ത തെറ്റുകള്‍ക്ക് പരമാവധി ശിക്ഷയാണ് ലഭിക്കേണ്ടത്. നാളെ ഈയവസ്ഥ മറ്റാര്‍ക്കും വരരുത്. വധശിക്ഷയാണ് പ്രതീക്ഷിക്കുന്നത്. മറ്റെന്ത് ശിക്ഷ കൊടുത്താലും മാതൃകയാവില്ല. കുടുംബാംഗത്തിന്റെ മരണവും അതിനുപിന്നിലെ നിയമപോരാട്ടവും ഒട്ടും സുഖകരമല്ല’. ഉത്രയുടെ സഹോദരന്‍ പറഞ്ഞു.
സൂരജ് കുറ്റക്കാരനെന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് തിങ്കളാഴ്ച വിധി പറഞ്ഞിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് ശിക്ഷ വിധിക്കുക. പ്രതിക്കെതിരെ 302, 307, 328, 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതി കുറ്റക്കാരനെന്ന് വിധിച്ച സൂരജിന് വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.