ഇടുക്കി: പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വാവ സുരേഷിന്റെ ജീവൻ രക്ഷിക്കുന്നതിനായി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും.
തെങ്കാശി ജില്ലയിലെ കരിവാലം വണ്ടനല്ലൂർ പോലീസ് സ്റ്റേഷനിലെ പോലീസ് സർക്കിൾ ഇൻസ്പെക്ടർ കാളിരാജൻ, സബ് ഇൻസ്പെക്ടർ രാജഗോപാൽ, വനിത പോലീസ് ഉദ്യോഗസ്ഥ അൻപു സെൽവി, ലൂർദ് മേരി എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ശ്രീപാൽവണ്ണനാഥർ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയത്.
പോലീസ് സംഘത്തിനോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് മാരിയപ്പൻ, പൊതുപ്രവർത്തകരായ പളനിവേൽ രാജൻ, ഷൺമുഖവേൽ, ഈശ്വരൻ, ശരവണ പെരുമാൾ, വീരരാജൻ, പ്രദേശവാസികളും പൂജയിൽ പങ്കെടുത്തു.
വാവ സുരേഷിന്റെ ജീവൻ രക്ഷിക്കുന്നതിനായി കേരളക്കര ഒന്നാകെ പ്രാർഥയിൽ മുഴുകിയപ്പോൾ തമിഴ്ജനതയും ഒപ്പം ചേരുകയായിരുന്നു. ഹിന്ദു പുരാണത്തിൽ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് നാഗങ്ങൾക്ക് വളരെ വലിയ സ്ഥാനമാണ് നൽകുന്നത്. ഇതിനാൽ പാമ്പുകളെ പിടിച്ച് കൊല്ലാതെ സുരക്ഷിതമായ മറ്റൊരു സങ്കേതത്തിൽ തുറന്നുവിടുന്ന വാവ സുരേഷിനെ ആരാധനയോടെയാണ് തമിഴ്നാട്ടിലെ ഒരുവിഭാഗം ജനങ്ങൾ കാണുന്നത്.
പൂജയോടനുബന്ധിച്ച് ക്ഷേത്രത്തിന് സമീപം വാവ സുരേഷ് രാജവെമ്പാലയുമായി നിൽക്കുന്ന വിവിധ തരത്തിലുള്ള ഫോട്ടോകൾ ചേർത്ത കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. വാവ സുരേഷിന്റെ ഫോട്ടോ പതിച്ച ബോർഡുമായി കരിവാലം വണ്ടനല്ലൂർ പോലീസിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് എത്തുകയും പൂജകൾ നടത്തുകയുമായിരുന്നു. വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിവരുന്നെന്ന വാർത്തയിൽ സന്തോഷമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും പറഞ്ഞു.
അതേസമയം,പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. സ്വയം ഖരഭക്ഷണം കഴിച്ചുതുടങ്ങുകയും പരസഹായമില്ലാതെ നടക്കുകയും ചെയ്തു. ഇപ്പോൾ ആന്റിബയോട്ടിക്കുകൾ മാത്രമാണ് നൽകുന്നത്. തീവ്രപരിചരണ വിഭാഗത്തിലെ നിരീക്ഷണമുറിയിൽ കഴിയുന്ന വാവ സുരേഷിനെ ഞായറാഴ്ച പേ വാർഡിലേക്ക് മാറ്റിയേക്കും.