KeralaNews

മലപ്പുറത്ത് തൊഴിലുറപ്പുപണിക്കിടെ നിധി കിട്ടി; സ്വര്‍ണനാണയങ്ങളുടെ രൂപത്തിലും മറ്റും

ചട്ടിപ്പറമ്പ്: പൊന്മള ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പിൽനിന്നു നിധി കണ്ടെത്തി. വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തെങ്ങിന് കുഴിയെടുക്കുന്നതിനിടെയാണിത്. പ്രദേശത്തെ തെക്കേമുറി കാർത്ത്യായനിയുടെ പുരയിടത്തിലാണ് നിധി കണ്ടെത്തിയത്.

മൺകലത്തിനുള്ളിൽ ലോഹപ്പെട്ടിയിൽ അടച്ച നിലയിലായിരുന്ന നിധി. സ്വർണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് പെട്ടിയിലുള്ളത്.

ശനിയാഴ്ച രാവിലെ കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, വൈസ് പ്രസിഡന്റ് കടക്കാടൻ ഷൗക്കത്തലി, അംഗങ്ങളായ കെ. രാധ, സുബൈർ പള്ളിക്കര, കെ.ടി. അക്ബർ, മുൻ പഞ്ചായത്തംഗം കെ. നാരായണൻകുട്ടി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് പോലീസ്സ്റ്റേഷനിലും വില്ലേജ് ഓഫീസിലും അറിയിക്കുകയുംചെയ്തു.

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നിയമനടപടികൾ പൂർത്തീകരിച്ചശേഷം ലോഹപ്പെട്ടിയുൾപ്പെടെയുള്ള വസ്തുക്കൾ ഭൂവുടമ കാർത്ത്യായനിയുടെ മകൻ പുഷ്പരാജിന്റെ സാന്നിധ്യത്തിൽ വില്ലേജ് ഓഫീസ് ജീവനക്കാർ ജില്ലാ സിവിൽസ്റ്റേഷനിലെ ട്രഷറിയിൽ ഏൽപ്പിച്ചു. ഇവ പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചു.

നിധി കണ്ടെത്തിയതുതന്നെയായിരുന്നു ശനിയാഴ്ച മണ്ണഴിക്കാർക്ക് തമ്മിൽ പറയാനുള്ള പ്രധാന വാർത്ത.

മഴക്കുഴിയെടുക്കുമ്പോൾ ഉച്ചയോടെയാണ് കോട്ടപ്പുറത്തെ വീട്ടുവളപ്പിൽ തൊഴിലുറപ്പുതൊഴിലാളികൾ ഒരു മൺകലം കണ്ടെത്തുന്നത്. കലത്തിനകത്തെ പെട്ടി തുറന്നുനോക്കുമ്പോൾ നിറയെ സ്വർണനിറത്തിലുള്ള നാണയങ്ങളും വളയങ്ങളും! അന്നന്നത്തെ അന്നത്തിനുവേണ്ടി പണിയെടുക്കുന്ന ഈ തൊഴിലാളികൾക്ക് ഇതുകണ്ട് കണ്ണഞ്ചിയില്ല. ‘ഇത് മ്മക്ക് ആരെയാച്ചാ ഏൽപ്പിക്കണം’, തങ്ങളുടേതല്ലാത്ത ആ സ്വത്തിൽ അവർ കൈവെച്ചില്ല.

കാലിവളർത്തലും കൃഷിയും ഉപജീവനമാർഗമായി സ്വീകരിച്ച വിധവയായ കാർത്ത്യായനിയുടെ വീട്ടുവളപ്പായിരുന്നു അത്. നിധി കണ്ടെത്തുമ്പോൾ കാർത്ത്യായനിയും കുടുംബവും സ്ഥലത്തില്ലായിരുന്നു. അവർ വന്നയുടനെ തൊഴിലുറപ്പുപദ്ധതി തൊഴിലാളികൾ നിധിയായി കിട്ടിയ മുഴുവൻ വസ്തുക്കളും കുടുംബത്തിനു കൈമാറി. നിർധനകുടുംബത്തിൽപ്പെട്ട കാർത്ത്യായനിയും അതു മോഹിച്ചില്ല.

കാർത്ത്യായനിയും കുടുംബവും ഒട്ടും മടിച്ചുനിൽക്കാതെ പഞ്ചായത്തധികൃതരെയും മറ്റും അറിയിച്ച് നിയമപ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്കും കൈമാറി.

നിർധനകുടുംബങ്ങൾക്കുള്ള പ്രവൃത്തികളിൽപ്പെടുത്തിയാണ് പതിനഞ്ചോളം തൊഴിലാളികൾ ഇവിടെ തൊഴിലുറപ്പുപണിയെടുത്തത്. മൺകൈയാല നിർമാണം, മഴക്കുഴി നിർമാണം തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയിരുന്നത്. ഈ പ്രവർത്തനങ്ങൾക്കിടയിൽ മുൻപ് തെങ്ങുണ്ടായിരുന്ന ഭാഗത്ത് മഴക്കുഴിയായും പിന്നീട് ആവശ്യമെങ്കിൽ തെങ്ങിൻതൈ നടാനും സൗകര്യപ്പെടുന്നവിധത്തിൽ കുഴിയെടുക്കുമ്പോഴാണ് ഒരു മൺകലം കണ്ടെത്തിയത്.

കലമെടുത്ത് പരിശോധിച്ചപ്പോൾ അതിനകത്ത് ലോഹപ്പെട്ടിയും പെട്ടിക്കുള്ളിൽ നാണയരൂപത്തിലും മറ്റുമുള്ള സ്വർണനിറത്തിലുള്ള ലോഹങ്ങളും കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker