FeaturedHome-bannerKeralaNews

സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി വെക്കും; ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ

തിരുവനന്തപുരം: സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി സമർപ്പിക്കും. മന്ത്രിയായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭ സമ്മേളനം ചേരുന്നതും സർക്കാർ പരിഗണനയിലുണ്ട്. സ്പീക്കർ രാജിവയ്ക്കുന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചുമതലകൾ നിർവഹിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം ഇന്നലെ രാജിവച്ചിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കും. അതേസമയം, സ്പീക്കറായി എ എന്‍ ഷംസീറിനെ തെരഞ്ഞെടുത്തു. 

 

രണ്ട് തവണ എംപിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തുന്നത്. വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എംബി രാജേഷ് സഭയിലെത്തുന്നത്. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തൃത്താല.

പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ എംബി രാജേഷിന്‍റെ തോല്‍വിയും അപ്രതീക്ഷിതമായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാ‌ട് ലോക്സഭാ മണ്ഡലത്തിലെ എംപി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗം.

 തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് എഎന്‍ ഷംസീര്‍ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവർത്തിച്ചു. രാജേഷിനും ഷംസീറിനും പുറമെ പൊന്നാനി എംഎല്‍എ നന്ദകുമാര്‍ ഉദുമ എംഎല്‍എ സി.എച്ച് കുഞ്ഞമ്പു എന്നിവരുടെ പേരുകളും പാര്‍ട്ടി പരിഗണിച്ചു.  ഇതില്‍നിന്നാണ് രാജേഷിനെ മന്ത്രിയായും ഷംസീറിനെ സ്പീക്കറായും പരിഗണിച്ചത്. സജി ചെറിയാന്‍ രാജിവെച്ചൊഴിഞ്ഞതിന് പകരം ഇപ്പോള്‍ മന്ത്രിയെ നിയമിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button