കോപ്പൻഹേഗൻ: യൂറോ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിൽ ക്രൊയേഷ്യ ഉയർത്തിയ വെല്ലുവിളി മറികടന്ന് സ്പെയ്ൻ ക്വാർട്ടറിൽ.
എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരേ അഞ്ചു ഗോളുകൾക്കായിരുന്നു സ്പാനിഷ് ടീമിന്റെ ജയം. എക്സ്ട്രാ ടൈമിൽ രണ്ടു ഗോളുകൾ കൂടി നേടിയാണ് സ്പെയ്ൻ മത്സരം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമും മൂന്നു ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.
പാബ്ലോ സരാബിയ, സെസാർ അസ്പിലിക്വെറ്റ, ഫെറാൻ ടോറസ്, അൽവാരോ മൊറാട്ട, മൈക്കൽ ഒയർസബാൽ എന്നിവരാണ് സ്പാനിഷ് ടീമിനായി സ്കോർ ചെയ്തത്. യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന രണ്ടാമത്തെ മത്സരമാണിത്.
84-ാം മിനിറ്റ് വരെ രണ്ടു ഗോളിന് പിന്നിലായിരുന്ന ക്രൊയേഷ്യ എഴു മിനിറ്റിനിടെ രണ്ടു ഗോളുകൾ വലയിലെത്തിച്ചാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടിയത്. സ്പാനിഷ് ഗോൾകീപ്പർ സിമോണിന്റെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ക്രൊയേഷ്യയ്ക്കായി മിസ്ലാവ് ഓർസിച്ചും മാരിയോ പസാലിച്ചുമാണ് ഗോളുകൾ നേടിയത്.
കളിയുടെ തുടക്കം മുതൽ തന്നെ നിയന്ത്രണം ഏറ്റെടുത്ത സ്പാനിഷ് നിര മികച്ച ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ 20-ാം മിനിറ്റിൽ സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിന്റെ പിഴവിൽ നിന്ന് ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. മൈതാന മധ്യത്തു നിന്ന് പെഡ്രി നൽകിയ ബാക്ക് പാസ് പിടിച്ചെടുക്കുന്നതിൽ സിമോണിന് സംഭവിച്ച അബദ്ധമാണ് ഗോളിന് കാരണമായത്. താരത്തിന്റെ കാലിൽ തട്ടി പന്ത് വലയിൽ.
ഗോൾ വഴങ്ങിയതോടെ ഒന്ന് പതറിയ സ്പാനിഷ് നിര വൈകാതെ മത്സരത്തിലെ നിയന്ത്രണം തിരികെ പിടിച്ചു. സിമോണിന്റെ പിഴവിന് 38-ാം മിനിറ്റിൽ പാബ്ലോ സരാബിയ പരിഹാരം കണ്ടെത്തി. സ്പാനിഷ് ടീമിന്റെ ഒന്നിച്ചുള്ള മുന്നേറ്റമാണ് സമനില ഗോളിന് വഴിവെച്ചത്. ക്രൊയേഷ്യ ബോക്സിൽ ഗോളിനായുള്ള ശ്രമത്തിനിടെ ഗയയുടെ ഷോട്ട് ലിവാകോവിച്ച് തടഞ്ഞത് നേരെ സരാബിയയുടെ മുന്നിൽ. സമയമൊട്ടും പാഴാക്കാതെ ബുള്ളറ്റ് ഷോട്ടിലൂടെ സരാബിയ പന്ത് വലയിലെത്തിച്ചു, സ്കോർ 1-1.
ഇതിനിടെ ആദ്യ പകുതിയിൽ മികച്ച അവസരങ്ങളും സ്പെയ്ൻ നഷ്ടപ്പെടുത്തിയിരുന്നു. 16-ാം മിനിറ്റിൽ ഗോളെന്നുറച്ച അവസരം കോക്കെ നഷ്ടപ്പെടുത്തി. ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കേ താരത്തിന് ലക്ഷ്യം കാണാനായില്ല. കോക്കെയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകൊവിച്ച് തടഞ്ഞു. 19-ാം മിനിറ്റിൽ അൽവാരോ മൊറാട്ടയും അവസരം നഷ്ടപ്പെടുത്തി.
പിന്നാലെ 57-ാം മിനിറ്റിൽ ഫെറാൻ ടോറസിന്റെ മികച്ചൊരു ക്രോസിൽ നിന്നായിരുന്നു സ്പെയ്നിന്റെ രണ്ടാം ഗോൾ. താരത്തിന്റെ പിൻ പോയന്റ് ക്രോസ് സെസാർ അസ്പിലിക്വെറ്റ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
77-ാം മിനിറ്റിൽ പാവു ടോറസ് പെട്ടെന്നെടുത്ത ഒരു ക്രോസ് ഫീൽഡ് പാസിൽ നിന്നായിരുന്നു സ്പെയ്നിന്റെ മൂന്നാം ഗോൾ വന്നത്. പാസ് സ്വീകരിച്ച ഫെറാൻ ടോറസ് കലേറ്റ കാറിനെ വെട്ടിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു.
85-ാം മിനിറ്റിൽ മിസ്ലാവ് ഓർസിച്ചിലൂടെ ക്രൊയേഷ്യ രണ്ടാം ഗോൾ നേടി. ഗോൾലൈൻ ടെക്നോളജി വഴിയാണ് ഈ ഗോൾ അനുവദിക്കപ്പെട്ടത്. പിന്നാലെ ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ പസാലിച്ചിന്റെ ഗോളിൽ ക്രൊയേഷ്യ മൂന്നാം ഗോളും നേടി.
പിന്നാലെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 100-ാം മിനിറ്റിൽ അൽവാരോ മൊറാട്ട സ്പെയ്നിനായി നാലാം ഗോൾ നേടി. ഡാനി ഒൽമോയുടെ ക്രോസിൽ നിന്നായിരുന്നു ഗോൾ. 103-ാം മിനിറ്റിൽ മൈക്കൽ ഒയർസബാലിലൂടെ സ്പെയ്ൻ ഗോൾ പട്ടിക തികച്ചു. ഇത്തവണയും ഡാനി ഒൽമോയുടെ ക്രോസിൽ നിന്നായിരുന്നു ഗോൾ.
അബദ്ധത്തിൽ സെൽഫ് ഗോൾ വഴങ്ങിയെങ്കിലും സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൺ മികച്ച സേവുകളുമായി ടീമിന്റെ രക്ഷയ്ക്കെത്തി. എക്സ്ട്രാ ടൈമിലും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും കൂടുതൽ ഗോൾ നേടാൻ സ്പെയ്നിന് സാധിച്ചില്ല.ക്വാർട്ടറിൽ സ്വിറ്റ്സർലൻഡ് സ്പെയ്ൻ നേരിടും.