കേപ് കാനവറല്‍ (യുഎസ്): രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ചരക്കുമായി സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഇന്നലെ പുറപ്പെട്ടു. 2,200 കിലോഗ്രാം വരുന്ന ചരക്കാണ് അയച്ചിരിക്കുന്നത്.
ഗേള്‍സ് സ്‌കൗട്ട്സ് എന്ന സംഘടനയുടേതാണ് ദൗത്യം. ബഹിരാകാശത്ത് വിവിധ പരീക്ഷണങ്ങള്‍ക്കായി ഉറുമ്പുകള്‍, ചെടികള്‍, കൊഞ്ചുകള്‍ തുടങ്ങിയവയും ബഹിരാകാശ നിലയത്തിലെ അന്തേവാസികളായ ഏഴ് യാത്രികര്‍ക്കായി അവക്കാഡോ, ഉള്ളി, നാരങ്ങ, ഐസ്‌ക്രീം എന്നിവയും നാസ അയച്ചിട്ടുണ്ട്. ഗിതായ് എന്ന ജാപ്പനീസ് സ്റ്റാര്‍ട്ട്അപ്പിന്റെ യന്ത്രക്കൈ ആണ് കൂട്ടത്തിലെ താരം. ഭാവിയില്‍ ചന്ദ്രഖനനം പോലുള്ള പദ്ധതികള്‍ക്കും ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും യന്ത്രക്കൈ സഹായകമാവും. കാര്‍ഗോ ഇന്ന് നിലയത്തിലെത്തും.
നാസയ്ക്ക് വേണ്ടിയുള്ള സ്പേസ് എക്സിന്റെ 23ാം ദൗത്യമാണ് ഇന്നലെ നടന്നത്. പൂര്‍ണമായും പുനരുപയോഗിച്ച റോക്കറ്റിലായിരുന്നു വിക്ഷേപണം.ബഹിരാകാശത്ത് വെച്ച് കാര്‍ഗോ വഹിക്കുന്ന ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ വേറിട്ടശേഷം റോക്കറ്റിന്റെ ആദ്യ ഘടകം തിരികെ കടലില്‍ വീഴുകയും സ്‌പേസ് എക്സ് കമ്പനിയുടെ ഡ്രോണ്‍ കപ്പല്‍ ഇത് പിടിച്ചെടുക്കുകയും ചെയ്യും.