NationalNews

ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’; ഭാരത് ജോഡോ ന്യായ് യാത്രയിൽ അണിചേർന്ന് അഖിലേഷ് യാദവ്

ആഗ്ര: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വെച്ചാണ് അഖിലേഷും യാത്രയുടെ ഭാഗമായത്. അഖിലേഷിനെ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് സ്വീകരിച്ചു.

രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ ഒരുമിച്ച് പോരാടുമെന്ന് അഖിലേഷിനെ ന്യായ് യാത്രയിലേക്ക് സ്വീകരിച്ച ശേഷം പ്രിയങ്ക പറഞ്ഞു. വരുന്ന ദിവസങ്ങളില്‍ ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുകയെന്നതാവും ഏറ്റവും വലിയ വെല്ലുവിളിയെന്ന് അഖിലേഷ് യാദവും ആഗ്രയിലെ പൊതുസമ്മേളനത്തില്‍ പറഞ്ഞു.

ബി.ജെ.പി. തകര്‍ത്ത അബേദ്കറുടെ ആശയങ്ങള്‍ സംരക്ഷിക്കുന്നതും വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂവെന്ന മുദ്രാവാക്യവും അഖിലേഷ് ന്യായ് യാത്രയില്‍ മുന്നോട്ടുവെച്ചു.

‘വെറുക്കുന്നവരെപ്പോലും സ്‌നേഹം പഠിപ്പിക്കുന്നു, ഇത് ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന ആഗ്രയാണ് സര്‍’, എന്ന ക്യാപ്ഷനോടെയാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായതിന്റെ ചിത്രം അഖിലേഷ് യാദവ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇന്ത്യ ജയിക്കും, നീതിക്കായുള്ള വലിയ യുദ്ധം എന്ന കുറിപ്പോടെയാണ് രാഹുലും പ്രിയങ്കയും അഖിലേഷും ഒന്നിച്ചുള്ള വീഡിയോകള്‍ കോണ്‍ഗ്രസ് പങ്കുവെച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button