ചെന്നൈ: തീവണ്ടി യാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി സമയം കളയേണ്ടതില്ല. യാത്രക്കാർക്ക് ട്രെയിനിൽ ഇരുന്നുതന്നെ പരാതി നൽകാനും നഷ്ടപ്പെട്ട ഫോൺ ഉടൻ ബ്ലോക്ക് ചെയ്യാനുമുള്ള അത്യാധുനിക സംവിധാനം ദക്ഷിണ റെയിൽവേ നിലവിൽ വരുത്തി.
റെയിൽവേ സംരക്ഷണ സേനയും (RPF) കേന്ദ്ര ടെലികോം വകുപ്പും സംയുക്തമായാണ് ഈ ഡിജിറ്റൽ സേവനം ഒരുക്കുന്നത്. യാത്രയ്ക്കിടയിൽ ഫോൺ മോഷണം പോവുകയോ നഷ്ടപ്പെടുകയോ ചെയ്താൽ ഒട്ടും വൈകാതെ തന്നെ ഡിജിറ്റൽ പരാതി രജിസ്റ്റർ ചെയ്യാൻ സാധിക്കും. സാധാരണഗതിയിൽ ട്രെയിൻ യാത്രയ്ക്കിടെ ഫോൺ നഷ്ടപ്പെട്ടാൽ അടുത്തുള്ള സ്റ്റേഷനിലിറങ്ങി പരാതി നൽകേണ്ടി വരുന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും.
യാത്രയ്ക്കിടെ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ‘റെയിൽ മദദ്’ (Rail Madad) ആപ്പ് വഴിയോ 139 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ വിവരം അറിയിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനുശേഷം ‘സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ’ (CEIR) പോർട്ടൽ വഴി ഡിജിറ്റൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. ഈ വിവരം ലഭിക്കുന്നതോടെ ആർ.പി.എഫും റെയിൽവേ സൈബർ സെല്ലും ചേർന്ന് ഫോൺ ഉടനടി പ്രവർത്തനരഹിതമാക്കും.
രാജ്യത്തെ എല്ലാ ടെലികോം നെറ്റ്‌വർക്കുകളിലും ഫോൺ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടുന്നതിനാൽ മറ്റൊരാൾക്ക് ഇത് ദുരുപയോഗം ചെയ്യാൻ സാധിക്കില്ല. നഷ്ടപ്പെട്ട ഫോൺ കണ്ടെത്താനുള്ള സാങ്കേതിക നടപടികൾ അതോടൊപ്പം തന്നെ റെയിൽവേ അധികൃതർ ആരംഭിക്കുകയും ചെയ്യും.
ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിനായി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യേണ്ടതില്ല എന്നതാണ്. സ്വന്തം ഫോൺ നഷ്ടപ്പെട്ട സാഹചര്യത്തിൽ സഹയാത്രികരുടെ ഫോൺ ഉപയോഗിച്ചും ഈ പരാതി ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. തനിച്ച് യാത്ര ചെയ്യുന്നവർക്ക് ട്രെയിനിലെ ടി.ടി.ഇ (TTE), ആർ.പി.എഫ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായം തേടാൻ റെയിൽവേ നിർദ്ദേശിക്കുന്നു.
പരാതി പെട്ടെന്ന് കൈകാര്യം ചെയ്യുന്നതിനായി ഫോണിന്റെ 15 അക്ക ഐ.എം.ഇ.ഐ (IMEI) നമ്പർ ഡയറിയിലോ ക്ലൗഡ് സ്റ്റോറേജിലോ കരുതി വെക്കുന്നത് ഉചിതമായിരിക്കും. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുകയാണ് റെയിൽവേ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
Southern Railway has introduced a digital facility to report lost mobile phones during train journeys without visiting a police station. Passengers can report the loss via the Rail Madad app or 139 and block the device through the CEIR portal with the help of RPF and the Cyber Cell. The system aims to prevent misuse by blacklisting the device across all networks immediately


