ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‍യുമായുള്ള പ്രണയവാർത്തകളും സിനിമയിൽ നിന്ന് വിരമിക്കുന്നു എന്ന പ്രചരണങ്ങളും തള്ളിക്കളഞ്ഞ് നടി തൃഷ കൃഷ്ണൻ. താൻ അഭിനയം നിർത്തിയെന്നും വിവാഹിതയായെന്നുമുള്ള വാർത്തകൾ വെറും കെട്ടുകഥകളാണെന്ന് താരം ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പടരുന്ന വ്യാജവാർത്തകളോട് പരിഹാസരൂപേണയാണ് തൃഷ പ്രതികരിച്ചത്.
കഴിഞ്ഞ കുറച്ചു കാലമായി തൃഷയും തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌യും പ്രണയത്തിലാണെന്ന തരത്തിൽ വലിയ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇതിനിടയിലാണ് തമിഴിലെ ചില നിർമ്മാതാക്കളെ ഉദ്ധരിച്ച് തൃഷ സിനിമ അഭിനയം നിർത്താൻ പോകുന്നുവെന്ന് മാധ്യമപ്രവർത്തകൻ ചിത്ര ലക്ഷ്മണൻ റിപ്പോർട്ട് ചെയ്തത്. പുതിയ സിനിമകളൊന്നും തൃഷ ഒപ്പിടാത്തതാണ് ഇത്തരമൊരു സംശയത്തിന് കാരണമായത്.
എന്നാൽ ഈ വാർത്തകളോട് പരിഹാസരൂപേണയാണ് തൃഷ പ്രതികരിച്ചത്. ‘ഞാൻ സിനിമ ഉപേക്ഷിച്ചെന്നും ഒരു സമ്പന്നനായ ബിസിനസുകാരനെ വിവാഹം കഴിച്ചെന്നും, എനിക്ക് രണ്ട് വയസ്സുള്ള നാല് കുട്ടികളുണ്ടെന്നും കേട്ടു! വേറെ എന്തെങ്കിലും ബാക്കിയുണ്ടോ അതോ ഇന്നത്തെ ഫിക്ഷൻ ക്വാട്ട കഴിഞ്ഞോ?’ – തൃഷ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
നേരത്തെ ചെന്നൈയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ വിജയ്‌യും തൃഷയും ഒരുമിച്ചെത്തിയത് ഇരുവരും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതായും വാർത്തകളുണ്ടായിരുന്നു.
1999-ൽ മിസ് ചെന്നൈ ആയതിന് ശേഷം സിനിമയിലെത്തിയ തൃഷ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. വിശ്വംഭര, റാം തുടങ്ങിയ സിനിമകളാണ് തൃഷയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പ്ലാൻ ചെയ്യുന്നവർ തന്നെ അവരുടെ ഹണിമൂൺ കൂടി പ്ലാൻ ചെയ്യട്ടെ എന്നാണ് മുൻപ് ഇത്തരമൊരു വിവാദത്തോട് തൃഷ പ്രതികരിച്ചത്.
സൂര്യ നായകനായെത്തുന്ന കറുപ്പ് ആണ് തൃഷയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ സിനിമ. മേയ് 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കമലഹാസനും ചിമ്പുവും നായകന്മാരായെത്തിയ തഗ് ലൈഫ്, അജിത് നായകനായെത്തിയ വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ളി എന്നീ സിനിമകളാണ് അവസാനം റിലീസ് ചെയ്ത നടിയുടെ സിനിമകൾ.
English Summary
Actress Trisha Krishnan has shut down rumors regarding her retirement from films and her alleged relationship with Tamil actor Vijay. Responding to reports claiming she had quit acting to marry a wealthy businessman, Trisha took to Instagram to mock the fake news. “I heard I quit films, married a billionaire, and have four two-year-old kids! Anything else, or is today’s fiction quota over?” she wrote. The rumors gained momentum after journalist Chitra Lakshman reported that she wasn’t signing new projects. Speculation about her relationship with Vijay had also intensified after the duo was seen together at a wedding in Chennai. However, Trisha’s witty response confirms that she remains active in the film industry.


