തിരുവനന്തപുരം:2020 തെക്ക് പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) സാധാരണ മഴ ആയിരിക്കും ദക്ഷിണേന്ത്യയിൽ (South Peninsula) നൽകുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ (IMD) വിവിധ കാലാവസ്ഥ മോഡലുകളുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രണ്ടാംഘട്ട ദീർഘകാല പ്രവചനം (Long Range Forecast) സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി മഴ സാധാരാണ മഴയുടെ (Long Period Average) 102% മഴ (±4% മോഡൽ പിഴവോടെ) ആയിരിക്കുമെന്നാണ്. 880 mm മഴയാണ് ഇന്ത്യയിലെ തെക്ക്പടിഞ്ഞാറൻ കാലവർഷത്തിലെ സാധാരണ മഴയായി കണക്കാക്കപ്പെട്ടിരിക്കുന്നത്. സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 39 ശതമാനവും സാധാരണയിൽ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 20 ശതമാനവും സാധാരണ മഴക്കുള്ള സാധ്യത 41 ശതമാനവുമാണെന്നാണ് പ്രവചനത്തിൽ സൂചിപ്പിക്കുന്നത്.
സംസ്ഥാനാടിസ്ഥാനത്തിൽ മഴയുടെ ലഭ്യത എങ്ങനെയായിരിക്കും എന്നുള്ള വിവരങ്ങൾ കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ദക്ഷിണേന്ത്യയിൽ സാധാരണ മഴയുടെ 102% മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ± 8 % വരെ മോഡൽ പിഴവുകൾക്കും സാധ്യതയുണ്ട്. കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിലെ സാധാരണ മഴ അഥവാ ദീർഘകാല ശരാശരി 2924.7 മില്ലിമീറ്റർ മഴയാണ്.
രാജ്യത്ത് ജൂലൈ മാസത്തിൽ 103% മഴയും ഓഗസ്റ്റിൽ 97% മഴയും ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. സാധാരണ നിലക്ക് മൺസൂണിനെ സ്വാധീനിക്കുന്ന എൽനിനോ പ്രതിഭാസവും (ENSO) ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) പ്രതിഭാസവും ന്യൂട്രൽ അവസ്ഥയിലാണെന്നും ലാ നിനാ (La Nina) പ്രതിഭാസം സീസണിന്റെ അവസാനത്തോടെ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കൂടി കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മൺസൂൺ ദീർഘകാല പ്രവചനത്തിൽ പറയുന്നു.
കേരളത്തിൽ മൺസൂൺ ജൂൺ 1 ന് തന്നെ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.