‘സംപൂജ്യ’നായി ഗില്‍;വൈഡില്‍ റെക്കോഡ് ഇട്ട് അര്‍ഷദീപ്‌, 5 റൺസിനിടെ 5 വിക്കറ്റ്; ഇന്ത്യയെ തകര്‍ത്ത്‌ ദക്ഷിണാഫ്രിക്ക,പരമ്പര ഒപ്പത്തിനൊപ്പം

മൊഹാലി: ടി20 പരമ്പരയിലെ രണ്ടാംമത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് തോല്‍വി. തിലക് വര്‍മയുടെ അര്‍ധ സെഞ്ചുറിയും ഇന്ത്യയെ തുണച്ചില്ല. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 162 റണ്‍സ് നേടുന്നതിനിടെ പത്തുവിക്കറ്റും വീണു. 19.1 ഓവറാണ് ഇന്ത്യ ബാറ്റുചെയ്തത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 51 റണ്‍സിന്റെ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര രണ്ട് മത്സരങ്ങൾ പൂർത്തിയാവുമ്പോൾ 1-1 എന്ന നിലയിലാണ്.

157-ന് അഞ്ച് എന്ന നിലയിലായിരുന്ന ഇന്ത്യ, പിന്നീടുള്ള അഞ്ച് റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ചുവിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. 162-ല്‍ നില്‍ക്കേ അവസാന മൂന്ന് വിക്കറ്റുകളും വീണു. നാലുവിക്കറ്റ് നേടിയ ഒട്ട്‌നീല്‍ ബാര്‍ട്ട്മനാണ് ദക്ഷിണാഫ്രിക്കയ്ക്കായി മികച്ച ബൗളിങ് പ്രകടനം നടത്തിയത്. ലുങ്കി എന്‍ഗിഡി, മാര്‍ക്കോ ജാന്‍സണ്‍, ലുതോ സിപംല എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി.

ആദ്യ ഓവറില്‍ത്തന്നെ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ശുഭ്മാന്‍ ഗില്‍ ഗോള്‍ഡന്‍ ഡക്കായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. തുടര്‍ച്ചയായ രണ്ടാം ടി20-യിലും ഗില്ലിന് ഫോമിലേക്കുയരാനായില്ല. സ്വതസിദ്ധ ശൈലിയില്‍ ബാറ്റുവീശിയ അഭിഷേക് ശര്‍മ തൊട്ടടുത്ത ഓവറിലും പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. എട്ടു പന്തില്‍ രണ്ട് സിക്‌സ് സഹിതം 17 റണ്‍സാണ് അഭിഷേകിന്റെ സമ്പാദ്യം. നാലാം ഓവറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (5) പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി.

എങ്കിലും ഒരറ്റത്ത് തിലക് വര്‍മ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. 34 പന്തില്‍ അര്‍ധ സെഞ്ചുറി കുറിച്ച താരം 62 റണ്‍സ് നേടി പത്താമനായി പുറത്തായി. അഞ്ച് സിക്‌സും രണ്ട് ഫോറും തിലകിന്റെ ഇന്നിങ്‌സിലുണ്ട്. കഴിഞ്ഞ മത്സരത്തിലെ വിജയശില്പി ഹാര്‍ദിക് പാണ്ഡ്യ (20), വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ (27), ശിവം ദുബെ (1) അര്‍ഷ്ദീപ് സിങ് (4), വരുണ്‍ ചക്രവര്‍ത്തി (0) എന്നിവരും കൂടാരം കയറിയതോടെ ഇന്ത്യയുടെ കഥകഴിഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. ക്വിന്റണ്‍ ഡി കോക്കിന്റെ ഉജ്ജ്വലമായ ഇന്നിങ്‌സാണ് പ്രോട്ടീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമും പിന്തുണ നല്‍കി. രണ്ട് വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചകറ്റി. അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയും ഡി കോക്കിന്റെ ബാറ്റിങ് ചൂടറിഞ്ഞു. അഞ്ചാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെത്തി ഓപ്പണര്‍ റീസ ഹെന്‍ട്രിക്‌സിനെ (ഒന്‍പത് പന്തില്‍ എട്ട്) ബൗള്‍ഡ് ചെയ്തതാണ് ആദ്യ വിക്കറ്റ്. പത്തോവര്‍ പിന്നിടുമ്പോള്‍ ഒരുവിക്കറ്റ് മാത്രം നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍.

11-ാം ഓവര്‍ പൂര്‍ത്തിയാക്കാന്‍ അര്‍ഷ്ദീപ് സിങ്ങിന് 13 തവണ പന്തെറിയേണ്ടിവന്നു. ഓവറിലെ ആദ്യ പന്തില്‍ ഡി കോക്ക് സിക്‌സ് നേടി. തുടര്‍ന്ന് തുടര്‍ച്ചയായി രണ്ട് വൈഡുകള്‍. ഒരു ബോള്‍ ഇടവേളയെടുത്ത് തുടരെത്തുടരെ നാല് െൈവഡുകള്‍ വീണ്ടും. പിന്നെയും ഒരു വൈഡെറിഞ്ഞു. ഇതോടെ ആകെ ഏഴ് വൈഡുകള്‍. ഓവറിലാകെ ദക്ഷിണാഫ്രിക്ക നേടിയത് 18 റണ്‍സാണ്. ടി20-യില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ ബൗളറായും ഇതോടെ അര്‍ഷ്ദീപ് മാറി. 2024-ല്‍ നവീനുല്‍ ഹഖും ഒരോവറില്‍ 13 തവണ പന്തെറിഞ്ഞിരുന്നു.

പിന്നീടെത്തിയ വരുണ്‍ ചക്രവര്‍ത്തിയെ തുടര്‍ച്ചയായി രണ്ട് സിക്‌സ് പറത്തി മാര്‍ക്രമും ബാറ്റിങ്ങിന് മൂര്‍ച്ച കൂട്ടിയിരുന്നു. എന്നാല്‍ അധികം ആയുസ്സനുവദിക്കാതെ മാര്‍ക്രമിനെ (26 പന്തില്‍ 29) അക്ഷറിന്റെ കൈകളിലേക്കയച്ച് വരുണ്‍ തന്റെയും ടീമിന്റേയും രണ്ടാം വിക്കറ്റ് ആഘോഷിച്ചു. ഇതിനിടെ ഡി കോക്ക് 26 പന്തില്‍ അര്‍ധ സെഞ്ചുറി നേടി. ടി20-യില്‍ ഇന്ത്യക്കെതിരേ ഡി കോക്കിന്റെ 12-ാമത്തെ ഫിഫ്റ്റിയാണിത്.

16-ാം ഓവറില്‍ വീണ്ടുമെത്തിയ വരുണ്‍ ചക്രവര്‍ത്തി അപകടകാരിയായ ഡി കോക്കിനേയും നീക്കി. 45 പന്തില്‍ ഏഴ് സിക്‌സും അഞ്ച് ഫോറുമായി സെഞ്ചുറിക്ക് അരികിലെത്തി നില്‍ക്കേ റണ്ണൗട്ടായി മടങ്ങുകയായിരുന്നു. ഡി കോക്ക് ക്രീസിന് പുറത്തുനില്‍ക്കേ, ഒരവസരത്തിന് സമയം കൊടുക്കാതെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ ബെയില്‍സെടുത്തതോടെ പവലിയനിലേക്ക് മടങ്ങേണ്ടിവന്നു. അപ്പോഴേക്കും ദക്ഷിണാഫ്രിക്കന്‍ ടോട്ടല്‍ 150 കടന്നിരുന്നു. പിന്നീടെത്തിയ ഡെവാള്‍ഡ് ബ്രെവിസിനെ (10 പന്തില്‍ 14) അക്ഷര്‍ പട്ടേല്‍ മടക്കി.

പിന്നീട് ഡോണോവന്‍ ഫെരേരയും ഡേവിഡ് മില്ലറും ചേര്‍ന്ന് ടീം സ്‌കോര്‍ 200 കടത്തി. ഫെരേര 16 പന്തില്‍ 30 റണ്‍സും മില്ലര്‍ 12 പന്തില്‍ 20 റണ്‍സും നേടി പുറത്താവാതെ നിന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ തല്ലുവാങ്ങിയത് അര്‍ഷ്ദീപ് സിങ്ങാണ്. നാലോവറില്‍ 54 റണ്‍സാണ് വഴങ്ങിയത്. വരുണ്‍ നാലോവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. ബുംറ നാലോവറില്‍ 45 റൺസ് വഴങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News