യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരം; 10,000 രൂപയുടെ വൗച്ചർ നല്‍കുമെന്ന്‌ ഇൻഡിഗോ

ന്യൂഡൽഹി: കമ്പനിയുടെ പ്രതിസന്ധി മൂലം നിശ്ചയിച്ച യാത്ര മുടങ്ങിയതോ വൈകിയതോ കാരണം ദുരിതത്തിലായ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ. പ്രതിസന്ധി അതിരൂക്ഷമായിരുന്ന ഡിസംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ റദ്ദാക്കുകയോ ദീർഘനേരം വൈകുകയോ ചെയ്ത വിമാനങ്ങളിലെ മുഴുവൻ യാത്രക്കാർക്കും 10,000 രൂപയുടെ യാത്രാ വൗച്ചർ നൽകുമെന്ന് ഇൻഡിഗോ അറിയിച്ചു.

വരുന്ന 12 മാസത്തിൽ ഏതെങ്കിലും ഇൻഡിഗോ വിമാനയാത്രയ്ക്ക് ഇതുപയോഗിക്കാം. വിമാനം റദ്ദാക്കുമ്പോൾ ഡിജിസിഎ ചട്ടപ്രകാരം യാത്രക്കാർക്ക് നൽകേണ്ട നഷ്ടപരിഹാരത്തിനു പുറമേയാണിത്. പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുന്ന വിമാനങ്ങൾക്ക് യാത്രാദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ 5000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകും.

പ്രവർത്തനം സാധാരണനിലയിലേക്കെത്തിയെന്നും സമയകൃത്യത തിരിച്ചെത്തിയെന്നും ഇൻഡിഗോ അറിയിച്ചു. അടിയന്തര കാരണങ്ങളാലല്ലാതെ യാത്രാദിനത്തിലുള്ള വിമാന റദ്ദാക്കലുകൾ നടത്തുന്നില്ല. സർവീസുകളുടെ എണ്ണം ദിനംപ്രതി മെച്ചപ്പെടുകയാണ്. തിങ്കളാഴ്ച 1700-ലധികം സർവീസായിരുന്നത് ക്രമേണ 1900-ലധികം സർവീസായി വർധിച്ചു.

തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ മൂന്ന് സർവീസുകളാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. 138 ലക്ഷ്യസ്ഥാനങ്ങളിലേക്കും വിമാന സർവീസ് നടത്തുന്നുണ്ട്. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിനോട് വെള്ളിയാഴ്ചയും ഹാജരാകാൻ ഡിജിസിഎ നിർദേശിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News