തൊടുപുഴ: എന്‍എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഇസ്രയേലില്‍ മരിച്ച നഴ്‌സ് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് രംഗത്ത്. തികച്ചും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയതെന്നു സൗമ്യയുടെ ഭര്‍ത്താവ് പറഞ്ഞു.
ഇസ്രയേലില്‍ മരിച്ച സൗമ്യയ്ക്കു ലഭിച്ച ആനുകൂല്യങ്ങള്‍ ഭര്‍ത്താവ് സ്വന്തമായി അനുഭവിക്കുകയാണെന്നും സൗമ്യയുടെ മാതാപിതാക്കള്‍ക്ക് ഒന്നും നല്‍കിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. അതുപോലെ സൗമ്യയെ മതം മാറ്റിയാണ് സന്തോഷ് വിവാഹം കഴിച്ചതെന്നും ഭാര്യയുടെ ചെലവിലാണ് ഭര്‍ത്താവ് ജീവിച്ചിരുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
എന്നാല്‍, താന്‍ ആരെയും നിര്‍ബന്ധിച്ചു മതം മാറ്റിയല്ല വിവാഹം നടത്തിയതെന്നും സൗമ്യയുടെവീട്ടുകാര്‍ തന്നെ മുന്‍കൈയെടുത്താണ് വിവാഹം നടത്തിയതെന്നും സന്തോഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. സൗമ്യയുടെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് അവരിപ്പോള്‍ ജീവിക്കുന്നതും.
ഭാര്യയുടെ വിയോഗത്തില്‍ സങ്കടപ്പെട്ടു കഴിയുന്ന തനിക്കും കുടുംബത്തിനെതിരേ വെള്ളാപ്പള്ളി നടത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. വര്‍ഗീയ താത്പര്യങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആരോപണങ്ങളാണിതെന്നും സന്തോഷ് കുറ്റപ്പെടുത്തി. ഇസ്രയേല്‍- ഹമാസ് യുദ്ധം നടക്കുന്ന വേളയിലുണ്ടായ റോക്കറ്റ് ആക്രമണത്തിലാണ് ഇസ്രയേലില്‍ നഴ്‌സ് ആയിരുന്ന സൗമ്യ കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടയിലാണ് സൗമ്യ താമസിച്ചിരുന്ന കെട്ടിടത്തില്‍ റോക്കറ്റ് പതിച്ച് അപകടം ഉണ്ടായത്.
യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ താമസ സ്ഥലത്തുനിന്നു മാറാന്‍ ശ്രമം നടത്തുന്നതിനിടയിലാണ് കെട്ടിടത്തില്‍ റോക്കറ്റ് പതിച്ചത്. ഇടുക്കി കീരിത്തോട് സ്വദേശിനിയായ സൗമ്യ പത്തു വര്‍ഷമായി ഇസ്രയേലിലെ അഷ്‌കലോണില്‍ ജോലിചെയ്തുവരവേയാണ് ഹമാസ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.