തിരുവനന്തപുരം: ഇസ്രായേലില്‍ പലസ്തീന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ടെല്‍ അവീവില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാകും മൃതദേഹം നാട്ടിലെത്തിക്കുക.
നാളെ രാത്രി ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മൃതദേഹം ആദ്യം ഡല്‍ഹിയിലേയ്ക്കാണ് എത്തിക്കുക. എന്നാല്‍ ആക്രമണങ്ങളുടെയും സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുകയാണെങ്കില്‍ നടപടികളില്‍ കാലതാമസം വരാനുള്ള സാധ്യതയുണ്ട്. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇസ്രയേലിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കുമാര്‍ സിഗ്ലയുമായി ചര്‍ച്ച നടത്തിയതായി അറിയിച്ചു.
അതേസമയം, ഇസ്രായേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്നും അവശ്യ ഘട്ടങ്ങളില്‍ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലയാളമടക്കമുള്ള നാല് ഭാഷകളിലാണ് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചിരുന്നു. ഇരുകൂട്ടരും സംയമനം പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.